4,500 അടി ഉയരത്തില്‍ പറക്കവെ 20 കാരനായ ഓസ്ട്രേലിയന്‍ പൈലറ്റിനെ കാണാതായി

By: 600007 On: Mar 30, 2024, 11:33 AM

 

 

ലോകമെങ്ങുനിന്നും പ്രത്യേകിച്ച് അമേരിക്കയില്‍ നിന്ന് യുഎഫ്ഒ അഥവാ അന്യഗ്രഹ ജീവികളുടെ വാഹനങ്ങള്‍ ആകാശത്തിലൂടെ പറന്ന് പോകുന്നത് കണ്ടൂവെന്ന വെളിപ്പെടുത്തലുണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ആ വാദത്തെ സമർത്ഥിക്കാനായി ചിലര്‍ ചില വീഡിയോകളും പുറത്ത് വിടാറുണ്ട്. എന്നാല്‍, അന്യഗ്രഹ ജീവികളില്ലെന്ന് ഒരു വിഭാഗം ആളുകള്‍ അവകാശപ്പെടുമ്പോള്‍, അങ്ങനെയല്ല ഭൂമിയില്‍ നിന്നും അനേകം പ്രകാശവര്‍ഷം അകലെ അന്യഗ്രഹ ജീവികള്‍ ജീവിക്കുന്നുണ്ടെന്ന് മറ്റ് ചിലര്‍ പറയുന്നു. ഇവരെ പൊതുവെ യുഫോളജിസ്റ്റുകള്‍ (Ufologists) എന്നാണ് വിളിക്കുന്നത്. പറഞ്ഞുവരുന്നത് അല്പം പഴയൊരു കഥയാണ്. പക്ഷേ, യുഫോളജിസ്റ്റുകള്‍ ഏറെ ആഘോഷിക്കുന്ന ഒരു സംഭവം. എന്താണെന്നല്ലേ? പറയാം.

1978 ഒക്ടോബർ 21 നാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയിലെ തെക്കൻ മെൽബണിലെ മൂറാബിൻ എയർപോർട്ടിൽ നിന്ന് കിംഗ് ഐലൻഡിലേക്ക് പോയ 20 കാരനായ ഫ്രെഡറിക് വാലന്‍റിച്ച് എന്ന പൈലറ്റ് പറത്തിയിരുന്ന ചെറുവിമാനം 45 മിനിറ്റിന് ശേഷം അപ്രത്യക്ഷമായി. വിമാനം അപ്രത്യക്ഷമാകുന്നതിന് തൊട്ട്മുമ്പ്, പൈലറ്റ് ഏവിയേഷന്‍ ട്രാഫിക് കണ്‍ട്രോള്‍ ടീമുമായി ഫ്രെഡറിക് വാലന്‍റിച്ച് ബന്ധപ്പെട്ടിരുന്നു. താൻ ഏകദേശം 4,500 അടി ഉയരത്തിൽ പറക്കുകയായിരുന്നെന്നും ഒരു അജ്ഞാത വിമാനം തന്നെ പിന്തുടരുകയായിരുന്നെന്നുമാണ് ആ യുവാവ്  വിളിച്ച് പറഞ്ഞത്. എന്നാൽ, അധികൃതരുടെ അന്വേഷണത്തില്‍ ഫ്രെഡറിക് വാലന്‍റിച്ചിന്‍റെ വിമാനത്തെ പിന്തുടരുന്നത് ഒരു വിമാനമില്ലെന്ന് കണ്ടെത്തി. പക്ഷേ ഫ്രെഡറിക് വാലന്‍റിച്ചിനെയോ അദ്ദേഹം പറത്തിയ ചെറുവിമാനത്തെയോ പിന്നീട് ഇതുവരെ ആരും കണ്ടിട്ടില്ല.