നിര്‍ബന്ധിത എന്‍ട്രി ലെവല്‍ പരിശീലനത്തിന് പകരം പുതിയ ലേണിംഗ് പ്രോഗ്രാം; പദ്ധതിയുമായി ആല്‍ബെര്‍ട്ട 

By: 600002 On: Mar 30, 2024, 10:59 AM

 

 


ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ബന്ധിത എന്‍ട്രി ലെവല്‍ പരിശീലനത്തിന് പകരമായി ആല്‍ബെര്‍ട്ട പുതിയ ലേണിംഗ് പ്രോഗ്രാം അവതരിപ്പിക്കാനൊരുങ്ങുന്നു. 2019 മുതലാണ് നിലവിലുള്ള നിര്‍ബന്ധിത പരിശീലനം ആരംഭിച്ചത്. 2018 ല്‍ സസ്‌ക്കാച്ചെവനില്‍ ഹംബോള്‍ട്ട് ബ്രോങ്കോസില്‍ ഹോക്കി ടീം സഞ്ചരിച്ചിരുന്ന ബസ് സെമി ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചിരുന്നു. കൃത്യമായ പരിശീലനം ലഭിക്കാത്ത പരിചയക്കുറവുള്ള ഡ്രൈവറാണ് അപകടത്തിന് കാരണമായതെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ബന്ധിത എന്‍ട്രി ലെവല്‍ ട്രെയ്‌നിംഗ് ആരംഭിച്ചത്. 100 മണിക്കൂറിലധികം ഡ്രൈവര്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ പുതിയ ക്ലാസ് 1 ഡ്രൈവര്‍മാരെ സഹായിക്കുന്നതാണ് MELT. ഈ പ്രോഗ്രാമിന് പകരമാണ് പുതിയ ലേണിംഗ് പ്രോഗ്രാം ആവിഷ്‌കരിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ നീണ്ട സമയവും വര്‍ധിച്ച ചെലവും കാരണം ഡ്രൈവര്‍ ക്ഷാമത്തിന് കാരണമാകുന്ന ഘടകമായി MELT  മാറിയെന്ന് ട്രക്കിംഗ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പ്രോഗ്രാമിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ 4000 തൊഴിലവസരങ്ങളാണ് ഈ രംഗത്തുള്ളതെന്ന് ആല്‍ബെര്‍ട്ട മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് ഹാര്‍പ്പര്‍ പറയുന്നു. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന MELT പ്രോഗ്രാം വളരെ ചെലവേറിയതാണ്. അതിനാല്‍ ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങളില്‍ ഡ്രൈവര്‍മാരുടെ സ്‌കില്ലുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സുരക്ഷ മെച്ചപ്പെടുത്തണമെന്നും ഹാര്‍പ്പര്‍ കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണല്‍ ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്ന പ്രോഗ്രാമായി ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു. 

2025 മുതല്‍ പുതിയ പ്രോഗ്രാം നടപ്പിലാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ അപേക്ഷകര്‍ തങ്ങളുടെ കരിയറില്‍ ഉപയോഗിക്കുന്ന അതേ വാഹനത്തില്‍ തന്നെ പരിശീലനം നേടും. പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ റെഡ് സീല്‍ പദവിയും പ്രൊഫഷണല്‍ ട്രേഡ് എന്ന അംഗീകാരവും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. ഇത് അവരെ ജോലിയില്‍ പ്രവേശിക്കുന്നതിന് എളുപ്പമാക്കുന്നു.