ഇസ്രയേലിന് 2000 അത്യാധുനിക ബോംബുകളടക്കം കൂടുതൽ ആ‌യുധങ്ങൾ നൽകി അമേരിക്ക

By: 600007 On: Mar 30, 2024, 5:47 AM

 

വാഷിങ്ടൺ: ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോഴും ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. 1,800 MK84 2,000 പൗണ്ട് ബോംബുകളും 500 MK82 500 പൗണ്ട് ബോംബുകളും 25 F-35 ഉം ഉൾപ്പെടെയുള്ള ആയുധങ്ങളാണ് അമേരിക്ക ഇസ്രയേലിന് നൽകുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന മാരകമായ ആക്രമണത്തിൻ്റെ പേരിൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്. 

2008ലെ പാക്കേജിൻ്റെ ഭാഗമായാണ് ആയുധങ്ങൾ കൈമാറുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന് 3.8 ബില്യൺ ഡോളർ വാർഷിക സൈനിക സഹായമാണ് യുഎസ്  നൽകുന്നത്. അതേസമയം, നിലവിലെ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും വിഷയത്തിൽ പ്രതികരിച്ചില്ല. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ 32,000-ത്തിലധികം ആളുകൾ മരിച്ചു. ഏറെയും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് മാർച്ച് 25 ന് യുഎസ് വിട്ടുനിന്നിരുന്നു. പ്രമേയത്തെ എതിർക്കാത്തതിന്റെ പേരിൽ ഇസ്രായേൽ അമേരിക്കക്കെതിരെ രം​ഗത്തെത്തി. അമേരിക്ക യുഎന്നിലെ തങ്ങളുടെ നയം ഉപേക്ഷിച്ചുവെന്ന ഇസ്രയേൽ കുറ്റപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടിയിലെ ചില അംഗങ്ങൾ ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം വെട്ടിക്കുറയ്ക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്.