സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ഒന്റാരിയോ സ്‌കൂള്‍ ബോര്‍ഡുകള്‍ നിയമനടപടിക്ക്; വിഡ്ഢിത്തമെന്ന് ഡഗ് ഫോര്‍ഡ് 

By: 600002 On: Mar 29, 2024, 1:46 PM

 


ഒന്നിലധികം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ഒന്റാരിയോയിലെ നാല് സ്‌കൂള്‍ ബോര്‍ഡുകള്‍ നല്‍കിയ കേസ് വിഡ്ഢിത്തമാണെന്നും ഇത് വിദ്യാഭ്യാസത്തില്‍ പ്രാധാന്യമുള്ള ജോലിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രീമിയര്‍ ഡഗ്‌ഫോര്‍ഡ്. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ മൂന്ന് സ്‌കൂള്‍ ബോര്‍ഡുകളാണ് വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ അതീവമായി ഇടപെടുകയും ശ്രദ്ധ തിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സ്‌നാപ്ചാറ്റ്, ടിക്ക്‌ടോക്ക്, മെറ്റ എന്നിവയ്‌ക്കെതിരെ 4.5 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ആരംഭിച്ചത്. ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വിദ്യഭ്യാസ സമ്പ്രദായത്തിന് വ്യാപകമായ തടസ്സമുണ്ടാക്കുന്നുവെന്നും ബോര്‍ഡുകള്‍ ആരോപിക്കുന്നു. 

എന്നാല്‍ സ്‌കൂള്‍ ബോര്‍ഡുകളുടെ ഈ നിയമനടപടികളോട് താന്‍ വിയോജിക്കുന്നുവെന്ന് ഓട്ടവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്, പീല്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്, ടൊറന്റോ കാത്തലിക് ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്, ഓട്ടവ കാള്‍ട്ടണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് എന്നിവ ബുധനാഴ്ച സുപ്പീരിയര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.