അമേരിക്കയിലും കാനഡയിലും നോറോവൈറസ് വ്യാപനം; മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: Mar 29, 2024, 11:35 AM

 


നോറോ വൈറസ് അമേരിക്കയില്‍, പ്രത്യേകിച്ച് വടക്കുകഴിക്കന്‍ മേഖലയിലുടനീളം വ്യാപിക്കുകയാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അടുത്തിടെ കേസുകളുടെ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശത്തെ സാരമായി ബാധിക്കുന്നതായി സിഡിസി പറയുന്നു. അമേരിക്കയില്‍ മാത്രമല്ല കാനഡയിലേക്കും നോറോ വൈറസ് പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ അതിര്‍ത്തിയുടെ വടക്ക് പ്രദേശങ്ങളിലായി വൈറസ് വ്യാപിക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ വ്യാപന ശക്തി കൂടുതലാണെന്നും രോഗബാധിതരുടെ എണ്ണം കൂടുന്നതായും അധികൃതര്‍ പറയുന്നു. 2019-23 ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നോറോ വൈറസ് കേസുകള്‍ കുത്തനെ വര്‍ധിച്ചതായി കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. 

നോറോവൈറസ് കേസുകള്‍ നാഷണല്‍ എന്ററിക് സര്‍വൈലന്‍സ് പ്രോഗ്രാമില്‍(NESP) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പ്രവിശ്യകളില്‍ പ്രത്യേകിച്ച് ആല്‍ബെര്‍ട്ടയിലും ഒന്റാരിയോയിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നോറോ വൈറസ് കേസുകള്‍ അധികമാകാനുള്ള സാധ്യതയുണ്ടെന്നും പിഎച്ച്എസി വ്യക്തമാക്കി. സസ്‌ക്കാച്ചെവന്‍, ന്യൂബ്രണ്‍സ്‌വിക്ക്, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നിവടങ്ങളിലും കേസുകളില്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ കേസുകള്‍ ഈ വര്‍ഷം കൂടുതലാണെന്നും പിഎച്ച്എസി ചൂണ്ടിക്കാട്ടുന്നു. 

വളരെപ്പെട്ടെന്ന് വ്യാപിക്കുന്ന ഒരു സ്റ്റമക് ഫ്‌ളൂ വൈറസാണ് നോറോവൈറസ്. ശീതകാലത്താണ് നോറോവൈറസ് ബാധ കൂടുതല്‍ ഉണ്ടാകാറുള്ളത്. മലിനമായ ഭക്ഷണം, ശുദ്ധമല്ലാത്ത കുടിവെള്ളം, എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. നോറോവൈറസ് ബാധയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം കൈകള്‍ കഴുകാതെ വായില്‍തൊട്ടാല്‍ രോഗം പകരും. രോഗബാധിതരുമായി അടുത്തിടപഴകിയാലും വൈറസ് ബാധിക്കും. ഛര്‍ദ്ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. രോഗാണു പബാധിച്ച് 12 മുതല്‍ 48 മണിക്കൂറിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശക്തമായ മനംപിരട്ടലും വയറുവേദനയും ഉണ്ടാകും. 

രോഗത്തിന് പ്രത്യേകിച്ച് ചികിത്സയില്ല. രോഗം സ്വയം ഭേദപ്പെടുകയാണ് പതിവ്. വിശ്രമവും ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കലുമാണ് പ്രധാന ചികിത്സ.