'പോക്കറ്റടിക്കാരെ സൂക്ഷിക്കുക': പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിച്ച്മണ്ട് ആര്‍സിഎംപി 

By: 600002 On: Mar 29, 2024, 10:19 AM

 

 

ബ്രിട്ടീഷ് കൊളംബിയയിലെ റിച്ച്മണ്ടില്‍ പഴ്‌സ് തട്ടിയെടുത്ത് കവര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് റിച്ച്മണ്ട് ആര്‍സിഎംപി. പോക്കറ്റടിക്കാരെ സൂക്ഷിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 22 നും മാര്‍ച്ച് 23 നും ഇടയില്‍ ആറ് കവര്‍ച്ചാ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ നാലെണ്ണം സെന്‍ട്രല്‍ റിച്ച്മണ്ടിലും രണ്ടെണ്ണം സ്റ്റീവെസ്റ്റണ്‍ ഏരിയയിലുമാണെന്ന് പോലീസ് പറഞ്ഞു. കേസുകളിലെല്ലാം ഇരകള്‍ സ്ത്രീകളാണ്. ഇവര്‍ക്ക് പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കുറ്റകൃത്യങ്ങള്‍ ചെയ്തത് ഒരേ വ്യക്തിയാണോയെന്നറിയാന്‍ പോലീസ് അന്വേഷണം തുടരുകയാണ്. അഞ്ച് കവര്‍ച്ചകളിലെ പ്രതി ഒരാളെന്ന് സൂചിപ്പിക്കുന്നതാണ് വിശേഷണങ്ങള്‍. ഇരുണ്ട വസ്ത്രവും മാസ്‌കും ധരിച്ചൊരാളാണ് കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. 

പ്രശ്‌നത്തെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നതില്‍ അവബോധവും വേഗത്തിലുള്ള റിപ്പോര്‍ട്ടിംഗും നിര്‍ണായകമാണെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ തങ്ങളുടെ പക്കലുള്ള വിലപിടിപ്പുള്ള വസ്തുക്കളും പണവും സൂക്ഷിക്കണമെന്നും ചുറ്റുപാടും ശ്രദ്ധ വേണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.