സറേയില്‍  ഇന്ത്യന്‍ വംശജയുടെ തിരോധാനം: കൊല ചെയ്യപ്പെട്ടിരിക്കാമെന്ന് സൂചന; അന്വേഷണം ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ഏറ്റെടുത്തു 

By: 600002 On: Mar 29, 2024, 9:54 AM

 


കഴിഞ്ഞ മാസം ബീസിയിലെ സറേയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ വംശജയായ യുവതി കൊല ചെയ്യപ്പെട്ടിരിക്കാമെന്ന് (ഫൗള്‍ പ്ലേ) അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. നവ്ദീപ് കൗര്‍ എന്ന 28 കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം(ഐഎച്ച്‌ഐടി) ഏറ്റെടുത്തിരുന്നു. നവ്ദീപിനെകുറിച്ചും തിരോധാനത്തിലേക്ക് നയിച്ച നീക്കങ്ങളെക്കുറിച്ചും പരമാവധി അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നതായി ഐഎച്ച്‌ഐടി അറിയിച്ചു. നവ്ദീപുമായി അടുത്തിടെ ബന്ധപ്പെട്ടിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിലും വിവരം ഐഎച്ച്‌ഐടിയെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 

ഫെബ്രുവരി 22 ന് രാത്രി സറേയിലെ 78 അവന്യുവിനടുത്തുള്ള 123 സ്ട്രീറ്റിലാണ് നവ്ദീപ് കൗറിനെ അവസാനമായി കണ്ടത്. അടുത്ത ദിവസം നവ്ദീപിനെ കാണാനില്ലെന്ന് അറിയിച്ച് വീട്ടുകാര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. 

റിപ്പോര്‍ട്ട് ലഭിച്ചത് മുതല്‍ സറേ ആര്‍സിഎംപിയുടെ മിസിംഗ് പേഴ്‌സണ്‍സ് യൂണിറ്റായിരുന്നു കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ ഫൗള്‍ പ്ലേയുടെ സൂചനകളുണ്ടായിരുന്നു. ഇതാണ് കേസ് ഐഎച്ച്‌ഐടി ഏറ്റെടുക്കാനുണ്ടായ കാരണം. സറേ ആര്‍സിഎംപി, ഇന്റഗ്രേറ്റഡ് ഫോറന്‍സിക് ഐഡന്റിഫിക്കേഷന്‍ യൂണിറ്റി, ബീസി കൊറോണേഴ്‌സ് സര്‍വീസ് എന്നിവയുടെ സഹായത്തോടെയാണ് ഹോമിസൈഡ് ടീം അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ സഹായിക്കുമെന്ന് കരുതുന്ന എന്തെങ്കിലും വിവരങ്ങളുള്ളവര്‍ 1-877-551-4448 എന്ന നമ്പറില്‍ ഐഎച്ച്‌ഐടിയുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.