65 വയസ്സും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് പേഴ്‌സണല്‍ രജിസ്ട്രി സര്‍വീസുകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍

By: 600002 On: Mar 29, 2024, 9:16 AM

 

 


ആല്‍ബെര്‍ട്ടയില്‍ 65 വയസ്സും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് പേഴ്‌സണല്‍ രജിസ്ട്രി സര്‍വീസുകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സ്, വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്കുള്ള ഡിസ്‌കൗണ്ടുകള്‍ ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. പ്രവിശ്യയിലെ വേഗത്തില്‍ വളരുകയാണ് പ്രായമേറിയവരുടെ ജനസംഖ്യ. പ്രായമുള്ളവര്‍ക്ക് സാമ്പത്തിക പിന്തുണയും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതിന്റെ ഭാഗമായാണ് പേഴ്‌സണല്‍ രജിസ്ട്രി സര്‍വീസുകളില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. 

ആല്‍ബെര്‍ട്ടയിലെ 178,000 ത്തിലധികം വൃദ്ധ ജനങ്ങള്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്‍കം സപ്പോര്‍ട്ടിനെ ആശ്രയിക്കുന്നുവെന്ന് സര്‍വീസ് ആല്‍ബെര്‍ട്ട മിനിസ്റ്റര്‍ ഡെയ്ല്‍ നാലി പറഞ്ഞു. പേയ്‌മെന്റ് സമയത്ത് ഡിസ്‌കൗണ്ട് ബാധകമാകും. അതിനാല്‍ ഇത് എളുപ്പവും ലളിതവുമായിരിക്കുമെന്ന് നാലി വ്യക്തമാക്കി. സങ്കീര്‍ണമായ ഫോമുകളോ ആപ്ലിക്കേഷനുകളോ ഇല്ലാതെ സീനിയേഴ്‌സ് ഡിസ്‌കൗണ്ട് ബാധകമാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. 

നിലവില്‍ ആല്‍ബെര്‍ട്ടയില്‍ 700,000 ത്തിലധികം പേര്‍ പ്രായമേറിയവരാണ്. 2035 ആകുമ്പോഴേക്കും ഇത് ഒരു ദശലക്ഷത്തില്‍ കൂടുതലാകുമെന്ന് നാലി പറയുന്നു. 

അതേസമയം, ഡ്രൈവര്‍ മെഡിക്കല്‍ എക്‌സാമുകള്‍ക്ക് സീനിയേഴ്‌സ് ഡിസ്‌കൗണ്ട് ഈ വര്‍ഷാവസാനം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ക്യാമ്പിംഗ് ഫീസിലും ഇളവ് ആസൂത്രണം ചെയ്തിട്ടുണ്ട്.