കാനഡ-യുഎസ് അതിര്‍ത്തിക്ക് സമീപം നാലംഗ ഇന്ത്യന്‍ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവം: മനുഷ്യക്കടത്ത് ആരോപണം നിഷേധിച്ച് പ്രതികള്‍

By: 600002 On: Mar 28, 2024, 1:20 PM

 

 

യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ തണുത്തുറഞ്ഞ് മരിക്കാനുണ്ടായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ ഇന്ത്യന്‍ വംശജനായ 'ഡേട്ടി ഹാരി' എന്ന് വിളിക്കുന്ന ഹര്‍ഷ്‌കുമാര്‍ രമണ്‍ലാല്‍ പട്ടേലും(28) സ്റ്റീവ് ഷാന്‍ഡും കുറ്റം നിഷേധിച്ചു. മനുഷ്യക്കടത്ത് ആരോപണം നേരിടുന്ന പട്ടേല്‍ ചുമത്തിയിരിക്കുന്ന ഏഴ് കേസുകളിലും താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞു. മിനസോട്ടയിലെ ഡുലുത്തിലെ യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ലിയോ ബ്രിസ്‌ബോയിസുമായി നടത്തിയ ടെലികോണ്‍ഫറന്‍സിലാണ് പട്ടേല്‍ കുറ്റം വിസമ്മതിച്ചത്. 

2022 ലാണ് കാനഡ വഴി യുഎസിലേക്കുള്ള മനുഷ്യക്കടത്തിനിടെ ഗുജറാത്തി കുടുംബത്തിലെ നാല് പേര്‍ തണുത്ത് മരിച്ചത്. സംഭവത്തില്‍ പട്ടേലിനെ ഷിക്കാഗോയില്‍ നിന്ന് അധികൃതര്‍ പിടികൂടി. ജഗദീഷ് പട്ടേല്‍, ഭാര്യ വൈശാലി, മക്കളായ വിഹാംഗി, ധാര്‍മിക് എന്നിവരാണ് മാനിറ്റോബയിലെ എമേഴ്‌സണിനടുത്ത് തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയത്. 

മനുഷ്യക്കടത്ത്, ഗൂഢോലോചന എന്നീ കുറ്റങ്ങളാണ് പട്ടേലിനെതിരെ ചുമത്തിയിരിക്കുന്നത്. മിനസോട്ട ഡിസ്ട്രിക്റ്റിന് വേണ്ടിയുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ സത്യവാങ്മൂലത്തിലും രേഖകളിലും പട്ടേല്‍ മനുഷ്യക്കടത്ത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നതിന്റെ വിവരങ്ങളുണ്ട്. 

2022 ജനുവരി 19 ന് അറസ്റ്റിലായ സ്റ്റീവ് ഷാന്‍ഡുമായി പട്ടേല്‍ ആശയവിനിമയം നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മരിച്ച നിലയില്‍ കണ്ടെത്തിയ ഗുജറാത്തി കുടുംബമടക്കം മുന്‍പ് സഞ്ചരിച്ച വാന്‍ ഓടിച്ചതിനാണ് സ്റ്റീവ് ഷാന്‍ഡ് പിടിയിലായത്. പട്ടേലും ഷാന്‍ഡും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും യുഎസ് അധികൃതര്‍ വെളിപ്പെടുത്തി. ഇതിലൂടെ ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് റാക്കറ്റിന്റെ ഇടപാടുകളാണ് അധികൃതര്‍ക്ക് ലഭിച്ചത്.