അറൈവ്കാന്‍ ആപ്പിനെക്കുറിച്ച് ആര്‍സിഎംപി അന്വേഷണം നടത്തുന്നു; സ്ഥിരീകരിച്ച് കമ്മീഷണര്‍ 

By: 600002 On: Mar 28, 2024, 11:54 AM

 

 

കോവിഡ് പാന്‍ഡെമിക് സമയത്ത് അവതരിപ്പിച്ച അറൈവ്കാന്‍ ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച് ആര്‍സിഎംപി അന്വേഷണം നടത്തുന്നതായി ആര്‍സിഎംപി കമ്മീഷണര്‍ മൈക്ക് ഡ്യൂഹെം സ്ഥിരീകരിച്ചു. അറൈവ്കാന്‍ ആപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒന്നിലധികം ശുപാര്‍ശകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി കഴിഞ്ഞ വര്‍ഷം ആദ്യം ആര്‍സിഎംപിക്ക് അന്വേഷണം കൈമാറിയതിന് ശേഷം ആപ്പിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നതായി ആര്‍സിഎംപി മുമ്പ് സ്ഥിരീകരിച്ചിരുന്നു. 2023 ല്‍ ആരംഭിച്ച അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അറൈവ്കാനിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള കരാറുകളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പിയറി പൊയ്‌ലിവ് ആര്‍സിഎംപിക്ക് കത്തെഴുതിയിരുന്നു. 

ആര്‍സിഎംപിയുടെ അന്വേഷണം എപ്പോള്‍ അവസാനിക്കും ആര്‍ക്കെങ്കിലുമെതിരെ കുറ്റം ചുമത്തുമോ എന്ന കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും ടൈംലൈന്‍ നല്‍കാന്‍ കഴിയില്ലെന്നും ഡ്യുഹേം പറഞ്ഞു.