കാര്‍ബണ്‍ ടാക്‌സ് വര്‍ധന: എക്‌സില്‍ കത്ത് പോസ്റ്റ് ചെയ്ത് ജസ്റ്റിന്‍ ട്രൂഡോ; പ്രതികരണമറിയിച്ച് കനേഡിയന്‍ പൗരന്മാര്‍

By: 600002 On: Mar 28, 2024, 11:21 AM

 


മാര്‍ച്ച് 26 ന് കാര്‍ബണ്‍  പ്രൈസിംഗുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ കനേഡിയന്‍ പൗരന്മാര്‍ക്കായി കത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്. കനേഡിയന്‍ പൗരന്മാര്‍ക്ക് ലഭിക്കാവുന്ന റിബേറ്റുകള്‍ ഉയരാന്‍ പോവുകയാണെന്ന് പ്രഖ്യാപിക്കുന്ന കത്താണിത്. ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതിയാണിതെന്ന് ട്രൂഡോ പറയുന്നു. 

കാനഡ കാര്‍ബണ്‍ റിബേറ്റിലൂടെ വരുമാനം തിരികെ നല്‍കുന്നതിലൂടെ പത്തില്‍ എട്ട് കുടുംബങ്ങള്‍ക്കും കൂടുതല്‍ പണം തിരികെ ലഭിക്കുന്നുണ്ടെന്ന് പാര്‍ലമെന്ററി ബജറ്റ് ഓഫീസര്‍ പറയുന്നു. താഴ്ന്ന, ഇടത്തരം കുടുംബങ്ങള്‍ക്കാണ് ഏറ്റവും പ്രയോജനം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

അതേസമയം, കാര്‍ബണ്‍ ടാക്‌സ് നിരക്ക് വര്‍ധിപ്പിക്കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കനേഡിയന്‍ പൗരന്മാര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രൂഡോ കത്തുമായി സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിരിക്കുന്നത്. കാര്‍ബണ്‍ ടാക്‌സ് വര്‍ധന പ്രതിസന്ധികള്‍ നേരിടുന്ന കനേഡിയന്‍ പൗരന്മാരുടെ ജീവിതം കൂടുതല്‍ ചെലവേറിയതാക്കുമെന്ന ആരോപണം തികച്ചും തെറ്റാണെന്ന് കത്തില്‍ ട്രൂഡോ പറയുന്നു. കത്തിനെതിരെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്.