കാനഡയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ 

By: 600002 On: Mar 28, 2024, 10:52 AM

 


കാനഡയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടാം മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷം ഇതുവരെ കാനഡയില്‍ സ്ഥിരീകരിച്ച അഞ്ചാംപനി കേസുകളുടെ എണ്ണം 2023 ല്‍ രേഖപ്പെടുത്തിയ കേസുകളേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്ന് ടാം വ്യക്തമാക്കുന്നു. ഈ വര്‍ഷം രാജ്യത്തുടനീളം 40 കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗത്തിനെതിരെ വാക്‌സിനേഷന്‍ എല്ലാവരും സ്വീകരിക്കണമെന്നും ടാം പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നതില്‍ വേണ്ടത്ര പരിഗണന നല്‍കാത്തതില്‍ തനിക്ക് ആശങ്കയുണ്ടെന്നും ടാം കൂട്ടിച്ചേര്‍ത്തു. 

വാക്‌സിനെടുക്കാത്ത കുട്ടികളുടെ മാതാപിതാക്കള്‍ എത്രയും പെട്ടെന്ന് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരുമായി ബന്ധപ്പെടണം. പ്രവിശ്യയും പ്രദേശവുമനുസരിച്ച് ഡോസുകളുടെ സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി 12 മുതല്‍ 15 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് അഞ്ചാംപനി, മംപ്‌സ്, റുബെല്ല(MMR) വാക്‌സിന്‍ ആദ്യ ഡോസ് ലഭിക്കുന്നു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുമ്പ് രണ്ടാമത്തെ ഡോസും ലഭിക്കുന്നു. 

ക്യുബെക്കിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്, 28 കേസുകള്‍. ഒന്റാരിയോയില്‍ പത്ത് കേസുകളും, ബീസി, സസ്‌ക്കാച്ചെവന്‍ എന്നിവടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചാംപനി ബാധിച്ചവരില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ എടുത്തിട്ടില്ല. ഇവരില്‍ മിക്കവരും കുട്ടികളുമാണ്. രോഗം ബാധിച്ച് ഈ വര്‍ഷം ഏഴു പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ടാം അറിയിച്ചു.