2023 ല്‍ കാനഡയില്‍ ജനസംഖ്യ കുത്തനെ വര്‍ധിച്ചു;  ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വളര്‍ച്ച 

By: 600002 On: Mar 28, 2024, 10:17 AM

 

 

കാനഡയില്‍ ജനസംഖ്യ കുത്തനെ വര്‍ധിക്കുന്നു. ആറ് പതിറ്റാണ്ടിനിടയില്‍ 2023 ല്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ജനസംഖ്യാ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ജനസംഖ്യ 3.2 ശതമാനം വര്‍ധിച്ചു. 1957 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 2024 ജനുവരി 1 ന് കാനഡയിലെ ജനസംഖ്യ 40,769,890 ആയി ഉയര്‍ന്നു. 2023 ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം 1,271,872 പേരുടെ വര്‍ധനവുണ്ടായി. 

കഴിഞ്ഞ വര്‍ഷത്തെ താല്‍ക്കാലിക കുടിയേറ്റമാണ് വളര്‍ച്ചയുടെ ഭൂരിഭാഗവുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കുന്നു. താല്‍ക്കാലിക കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 1.2 ശതമാനമാകുമായിരുന്നുവെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.