ജസ്റ്റിന്‍ ട്രൂഡോയുടെ ഡീപ്‌ഫേക്ക് വീഡിയോ; തട്ടിപ്പില്‍ ഒന്റാരിയോ സ്വദേശിക്ക് നഷ്ടമായത് 12,000 ഡോളര്‍ 

By: 600002 On: Mar 28, 2024, 9:55 AM

 

 


കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഡീപ് ഫേക്ക് വീഡിയോയിലൂടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പില്‍ അകപ്പെട്ട ഒന്റാരിയോ സ്വദേശിക്ക് 12,000 ഡോളര്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെട്ട വീഡിയോ ആയതിനാലാണ് തട്ടിപ്പാണെന്നറിയാതെ പണം നിക്ഷേപിക്കാന്‍ തയാറായതെന്ന് ടൊറന്റോ സ്വദേശി സ്റ്റീഫന്‍ ഹെന്റി പറഞ്ഞു. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് ശുപാര്‍ശ ചെയ്യുന്നതായി ജസ്റ്റിന്‍ ട്രൂഡോ പറയുന്ന വീഡിയോ യൂട്യൂബില്‍ കാണാന്‍ ഇടയായി. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വോയ്‌സ് ക്ലോണിംഗും ഉപയോഗിച്ച് ട്രൂഡോ പറയുന്നത് പോലെ അനുകരിച്ചാണ് വീഡിയോ നിര്‍മിച്ചിരുന്നത്. ഇതാണ് താന്‍ തെറ്റിദ്ധരിക്കപ്പെട്ടതെന്നും പണം നഷ്ടമായതെന്നും ഹെന്റി പറയുന്നു. പണപ്പെരുപ്പത്തിന്റെ കാലത്തും അവരുടെ സാമ്പത്തിക ഭാവി സംരക്ഷിക്കാന്‍ ഓരോ കനേഡിയന്‍ പൗരന്മാരെയും സഹായിക്കുമെന്ന് അറിയിക്കുന്നതായിരുന്നു വീഡിയോ. വീഡിയോയില്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചു. വീഡിയോയില്‍ പറഞ്ഞ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട ഹെന്റിയോട് 250 ഡോളര്‍ ആദ്യം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. അക്കൗണ്ടില്‍ നിക്ഷേപ തുക വര്‍ധിക്കുന്നതായി കണ്ട ഹെന്റി പണം തുടര്‍ന്നും നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് പണം തിരികെ ലഭിക്കാതെ ആയപ്പോഴാണ് താന്‍ തട്ടിപ്പില്‍ അകപ്പെട്ടുവെന്നും 12,000 ഡോളര്‍ തനിക്ക് നഷ്ടമായെന്നും ഹെന്റി തിരിച്ചറിഞ്ഞത്. 

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതിന് ഡീപ്‌ഫേക്ക് വീഡിയോകളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രസ് സെക്രട്ടറി ജെന്ന ഗാസ്‌ബെ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ഇതിനെതിരെ ജാഗ്രതയോടെയിരിക്കണമെന്നും ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.