മുന്നിൽ മോഹൻലാൽ ദുൽഖർ ചിത്രങ്ങൾ; ആരെ കടത്തിവെട്ടും പൃഥ്വി

By: 600007 On: Mar 28, 2024, 4:46 AM

 

അങ്ങനെ പതിനാറ് വര്‍ഷം നീണ്ടുനിന്ന ബ്ലെസി എന്ന സംവിധായകന്‍റെ 'ആടുജീവിതം' എന്ന യാത്ര ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. നജീബ് എന്ന വ്യക്തിയുടെ ജീവിതത്തില്‍ നടന്ന യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ന്നാടുന്നത് പൃഥ്വിരാജ് ആണ്. വര്‍ഷങ്ങളായി മലയാളികളും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പ്രി സെയില്‍ ബിസിനസിലെ കളക്ഷനും. മികച്ച ബുക്കിങ്ങുമാണ് ആടുജീവിതത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ മലയാളത്തില്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടിയ അഞ്ച് സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ ഈ ലിസ്റ്റിലേക്ക് ആടുജീവിതം എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. 

നിലവില്‍ മോളിവുഡില്‍ ഓപ്പണിംഗ് ഡേ ഗ്രോസ് കളക്ഷനില്‍ ഒന്നാമത് ഉള്ളത് മോഹന്‍ലാല്‍ സിനിമയാണ്. മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് ആ ചിത്രം. 20.40 കോടിയാണ് ഓപ്പണിം​ഗ് ഡേ ​ഗ്രോസ്. ആ​ഗോള കളക്ഷനാണിത്. രണ്ടാം സ്ഥാനത്ത് ദുൽഖർ നായകനായി എത്തിയ കുറുപ്പ് ആണ്. 19.20 കോടിയാണ് സിനിമ നേടിയ കളക്ഷൻ. 18.10 കോടി നേടി ഒടിയൻ മൂന്നാം സ്ഥാനം നേടിയപ്പോൾ കിം​ഗ് ഓഫ് കൊത്ത 15.50 കോടിയുമായി നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനം പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ്. 15.50 കോടിയാണ് ചിത്രം ആദ്യദിനം നേടിയ ​ഗ്രോസ് കളക്ഷൻ.