കനേഡിയന്‍ കാര്‍ ഇന്‍ഷുറന്‍സ് സ്വീകരിച്ചില്ല; യുഎസ് കാര്‍ റെന്റല്‍ കമ്പനിക്ക് 900 ഡോളറിലധികം നല്‍കേണ്ടി വന്നതായി ഒന്റാരിയോ സ്വദേശിനി 

By: 600002 On: Mar 27, 2024, 6:08 PM

 

കനേഡിയന്‍ കാര്‍ ഇന്‍ഷുറന്‍സ് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് യുഎസ് കാര്‍ റെന്റല്‍ കമ്പനിക്ക് 900 ഡോളറിലധികം തുക നല്‍കേണ്ടി വന്നതായി ഒന്റാരിയോ സ്വദേശിനി. വുഡ്ബ്രിഡ്ജിലെ സിന്തിയ പുല്ലാനോയാണ് തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ചത്. ജനുവരിയില്‍ തന്റെ സഹോദരിയോടൊപ്പം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിയില്‍ സന്ദര്‍ശനം നടത്തിയ പുല്ലാനോ ട്രാവല്‍ വെബ്‌സൈറ്റ് എക്‌സ്പീഡിയ വഴി കാര്‍ വാടകയ്‌ക്കെടുത്തു. 

ഒരാഴ്ചത്തേക്ക് കാര്‍ വാടകയ്‌ക്കെടുക്കാനുള്ള ചെലവ് 372 ഡോളറായിരുന്നു. എന്നാല്‍ റെന്റല്‍ കമ്പനിയായ പ്രൈസ്‌ലെസ് കാര്‍ റെന്റല്‍ കാര്‍ റെന്റല്‍ ഇന്‍ഷുറന്‍സും നല്‍കണമെന്ന് പറഞ്ഞു. തനിക്ക് സ്വന്തം പോളിസിയിലൂടെ റെന്റല്‍ കവറേജ് ഉണ്ടായിരുന്നു. ഇതറിയിച്ചപ്പോള്‍ കനേഡിയന്‍ ഇന്‍ഷുറന്‍സ് സ്വീകരിക്കില്ലെന്നും പ്രത്യേകം റെന്റല്‍ ഇന്‍ഷുറന്‍സ് നല്‍കണമെന്നും കമ്പനി അറിയിച്ചു. മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ തനിക്ക് പണം നല്‍കേണ്ടി വന്നതായി പുല്ലാനോ പറഞ്ഞു. 

ഇന്‍ഷുറന്‍സ് കവറേജും ഹൈവേ ടോളുകള്‍ കവര്‍ ചെയ്യുന്നതിനുള്ള ഫീസും കൂടി തനിക്ക് 562 ഡോളര്‍ ചെലവായി. ഇത് കാര്‍ വാടകയ്‌ക്കെടുത്തതിന്റെ മൊത്തം ചെലവ് 934 ഡോളറായി ഉയര്‍ത്തിയെന്ന് പുല്ലാനോ പറഞ്ഞു. 

അതേസമയം, പോളിസിയില്‍ കാര്‍ റെന്റല്‍ കവറേജ് ഉള്‍പ്പെടുന്നുവെങ്കില്‍ അത് യുഎസിലെ കാര്‍ റെന്റല്‍ കമ്പനി അംഗീകരിക്കണമെന്ന് ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ അഭിപ്രായപ്പെടുന്നു.