മത്സ്യങ്ങളില്‍ അപൂര്‍വ രോഗം വ്യാപിക്കുന്നു; ബീസിയിലെ നാഷണല്‍ പാര്‍ക്കുകളിലെ തടാകങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു 

By: 600002 On: Mar 27, 2024, 11:52 AM

 

 

ബ്രിട്ടീഷ് കൊളംബിയയിലെ പ്രശസ്തമായ രണ്ട് ദേശീയ പാര്‍ക്കുകളിലെ തടാകങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിക്കുന്നുവെന്ന് പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. വേളിംഗ് ഡിസീസ്( whirling disease)  ബാധിച്ച മത്സ്യഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ നീക്കം. കൂറ്റ്‌നി, യോഹോ നാഷണല്‍ പാര്‍ക്കുകളിലെ എല്ലാ ജലാശയങ്ങളും 2025 മാര്‍ച്ച് വരെ അടച്ചിടുന്നതായി പാര്‍ക്ക്‌സ് കാനഡ വ്യക്തമാക്കി. 

മത്സ്യങ്ങളില്‍ വ്യാപിക്കുന്ന രോഗം മത്സ്യ സമ്പത്ത് നശിപ്പിക്കും. 90 ശതമാനം വരെ മരണനിരക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫിന്‍ഫിഷുകളില്‍ ബാധിക്കുന്ന രോഗബാധയാണ് വേളിംഗ് ഡിസീസ്. മൈക്‌സോ സ്‌പോറിയ വിഭാഗത്തിലെ പ്രോട്ടോസോനായ മൈക്‌സോബോളസ് സെറിബ്രലിസ് ആണ്. ഫിന്‍ഫിഷുകളില്‍ രോഗം നേരിട്ട് പടരുന്നില്ലെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ഫിന്‍ഫിഷും ഫ്രഷ്‌വാട്ടര്‍ വേമും(Tubifex tubifex)  തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെയാണ് പാരസൈറ്റ് മത്സ്യങ്ങളിലേക്ക് പടരുന്നത്. 

യോഹോ നാഷണല്‍ പാര്‍ക്കിലെ ആറ് പ്രദേശങ്ങളില്‍ ആക്രമണകാരിയായ പരാദജീവിയെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങളുടെ നട്ടെല്ല് വളയുകയും വാല്‍ കറുത്തുപോകുകയും ചെയ്യുന്നതാണ് ലക്ഷണങ്ങള്‍. ചുഴലിക്കാറ്റിന്റെ പാറ്റേണിലായിരിക്കും പിന്നീട് ഇവയ്ക്ക് നീന്താന്‍ കഴിയുക എന്നും പറയുന്നു. അതിനാലാണ് വേളിംഗ് ഡിസീസ് എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്.