സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ക്യുബെക്ക് കൊറോണര്‍ 

By: 600002 On: Mar 27, 2024, 11:15 AM

 


സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് ക്യുബെക്ക് കൊറോണര്‍. 2022 ല്‍ മോണ്ടെറെജി റീജിയണില്‍ ഒരു അപകടത്തില്‍ ഫെലിക്‌സ് ഡെമേഴ്‌സ്-ഡ്യൂബ് എന്നയാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ 25 വയസ്സുള്ള ഡ്യൂബ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. യുവാവിന്റെ മരണം തടയാനാകുന്നതായിരുന്നുവെന്ന് കൊറോണര്‍ റൂഡി ഡെല്‍മാന്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

2023 ല്‍ ക്യുബെക്കില്‍ വാഹനാപകടങ്ങളില്‍പ്പെട്ട 20 ശതമാനം പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പ് ഇത് 30 ശതമാനമായിരുന്നു. 

നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനായി ഹൈവേ സേഫ്റ്റി കോഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ കൊറോണര്‍ ശുപാര്‍ശ ചെയ്തു. നിലവില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത വ്യക്തിക്ക് 300 ഡോളര്‍ വരെ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും.