കടുത്ത വരള്‍ച്ചയ്ക്ക് സാധ്യത: ജലം സംരക്ഷിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ പരീക്ഷിച്ച് ആല്‍ബെര്‍ട്ട 

By: 600002 On: Mar 27, 2024, 10:49 AM

 

 

സ്പ്രിംഗ് സീസണിലും സമ്മര്‍സീസണിലും കടുത്ത വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ജലം സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ആല്‍ബെര്‍ട്ട. ജല ഉപയോഗം ട്രാക്ക് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിന് ദശലക്ഷകണക്കിന് ഡോളര്‍ മുടക്കി സാങ്കേതിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് പ്രവിശ്യ. വാട്ടര്‍ ഇന്നൊവേഷന്‍ പ്രോഗ്രാമിലൂടെ 100 ലധികം പ്രോജക്ടുകളെ പിന്തുണയ്ക്കാന്‍ പ്രവിശ്യ സര്‍ക്കാര്‍ 75 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

പ്രവിശ്യയില്‍ എങ്ങനെ ജലം ഉപയോഗിക്കപ്പെടുന്നു എന്നതിനെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് തങ്ങളുടെ നൂതന പദ്ധതികളെന്നും ജലം എന്ന മൂല്യമേറിയ വിഭവം സംരക്ഷിക്കുന്നതിനും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും പുതിയതും മികച്ചതുമായ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് പ്രവിശ്യയെന്നും എണ്‍വയോണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് മിനിസ്റ്റര്‍ റബേക്ക ഷൂള്‍സ് പറഞ്ഞു. 

ആല്‍ബെര്‍ട്ട സര്‍വകലാശാലയില്‍ വികസിപ്പിച്ച പ്രോജക്റ്റ് ആദ്യം കാല്‍ഗറിയില്‍ പരീക്ഷണം നടത്തി. വെള്ളം എത്രത്തോളം പുനരുപയോഗിക്കാനും റീസൈക്കിള്‍ ചെയ്യാനും കഴിയുമെന്ന് നിര്‍ണയിക്കുന്ന പദ്ധതിയാണ് ഇത്. ഗ്രാനുലാര്‍ സ്ലഡ്ജ് റിയാക്ടര്‍ ഉപയോഗിക്കുന്ന പ്രോഗ്രാം ജലശേഷി വര്‍ധിപ്പിക്കുന്നതിനായി കാല്‍ഗറിയിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് ഫെസിലിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. അടുത്തിടെ മഞ്ഞുവീഴ്ചയുണ്ടായിട്ടും വരണ്ട കാലാവസ്ഥ തുടരുകയാണെങ്കില്‍ മെയ് മാസത്തില്‍ ജല നിയന്ത്രണത്തിനുള്ള സാധ്യതയുണ്ടെന്ന് കാല്‍ഗറി സിറ്റി പറയുന്നുണ്ട്.