സര്‍ക്കാര്‍ വെബ്‌സൈറ്റിന് സമാനമായി വ്യാജ വെബ്‌സൈറ്റ്; തട്ടിപ്പ് സംഘത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബീസി സര്‍ക്കാര്‍ 

By: 600002 On: Mar 27, 2024, 10:06 AM

 

 


സര്‍ക്കാരിന്റെ വെബ്‌സൈറ്റിന് സമാനമായി വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് ആളുകളെ പറ്റിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബീസി സര്‍ക്കാര്‍. പേബിസി (PayBC)  എന്ന സര്‍ക്കാര്‍ വെബ്‌സൈറ്റെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വെബ്‌സറ്റ് നിര്‍മിച്ച് ഇതിലൂടെ വ്യക്തിഗത, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. PayBC സൈറ്റ് താമസക്കാര്‍ക്ക് അവരുടെ ബില്ലുകള്‍ അടയ്ക്കാനും പ്രവിശ്യാ സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങള്‍ക്കും സുരക്ഷിത ഇടം നല്‍കുന്നു. എന്നാല്‍ വെബ്‌സൈറ്റിന് സമാനമായ രീതിയിലുള്ള വെബ്‌സൈറ്റ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങള്‍ കൈക്കലാക്കാന്‍ ലക്ഷ്യമിടുന്നു. 

വെബ്‌സൈറ്റ് അഡ്രസ് വ്യത്യസ്തമാണെങ്കിലും രണ്ട് സൈറ്റുകളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ചോര്‍ത്താനായാണ് വെബ്‌സൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്. 

കോടതിയിലല്ലാതെ പിഴത്തുക നേരിട്ട് വെബ്‌സൈറ്റില്‍ അടയ്ക്കാം എന്നത് പോലുള്ള നിര്‍ദ്ദേശങ്ങള്‍ വ്യാജ വിലാസത്തിലുള്ള വെബ്‌സൈറ്റില്‍ നല്‍കുന്നുവെന്നും ഇത് വിശ്വസിക്കുന്ന ആളുകള്‍ പണം അടയ്ക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു. പേബീസി യുടെ അതേപോലുള്ള ലോഗോ തന്നെയാണ് വ്യാജ വെബ്‌സൈറ്റിനുമെന്നത് തിരിച്ചറിയാന്‍ പെട്ടെന്ന് കഴിയാതെ വരുന്നു. ഇത്തരം തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെബ്‌സൈറ്റ് അഡ്രസ് pay.gov.bc.ca എന്നതാണെന്ന് അധികാരികമായി ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.