പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം. പക്ഷേ ഒരു പ്രശ്നമുണ്ട് ലോഗിൻ എസ്എംഎസ് കോഡുകൾ അയക്കുന്നതിന് നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിക്കാൻ അനുവാദം നൽകുന്നതിന്റെ പ്രത്യുപകാരമാണിത്.
സംഭവം പിടികിട്ടിയില്ല അല്ലേ. അതായത് ടെലഗ്രാമിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കുള്ള എസ്എംഎസ് ലോഗിൻ കോഡുകൾ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ചാകും കമ്പനി അയയ്ക്കുക. പരമാവധി 150 എസ്എംസുകൾ വരെ ഇത്തരത്തിൽ അയയ്ക്കും. അപരിചിതരായ 150 പേരുടെ കൈകളിലേക്ക് നിങ്ങളുടെ നമ്പരെത്തും.
ഇതിനുള്ള പ്രത്യുപകരമാണ് ഗിഫ്റ്റ് കോഡിന്റെ രൂപത്തിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരം. അടുത്തിടെ അവതരിപ്പിച്ച 'പീർ റ്റു പീർ ലോഗിൻ' പ്രോഗ്രാമിലൂടെയാണ് ഉപഭോക്താക്കൾക്ക് ഇതിന് അവസരം ലഭിക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് ഈ അപ്ഡേറ്റ് അവതരിപ്പിച്ചിട്ടുള്ളത്.
ലോഗിൻ കോഡുകൾ എളുപ്പത്തിൽ ലഭിക്കാൻ ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു. വലിയ സ്വകാര്യത നല്കുന്ന മെസെജിങ് പ്ലാറ്റ്ഫോമാണ് ടെലഗ്രാം എന്ന് അറിയപ്പെടുന്നതിനാൽ ഇതിന് ഒരു വിഭാഗം ആളുകൾക്കിടയിൽ നല്ല സ്വീകാര്യതയുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും ഇന്ത്യയിൽ മുന്നിലുള്ളത് ടെലഗ്രാമാണ്. ടെലഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലൂടെ സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കാത്ത അധിക സേവനങ്ങളാണ് ലഭിക്കുക.
പെട്ടെന്ന് നോക്കുമ്പോ കാശ് ചെലവില്ലാത്ത പണിയായി തോന്നുമെങ്കിലും ഇതൊരു പണി തന്നെയാണെന്ന് വൈകിയെ മനസിലാകൂ. എസ്എംഎസ് കോഡ് അയയ്ക്കാൻ അനുവാദം കൊടുക്കുന്നത് ചുരുക്കത്തിൽനിങ്ങളുടെ ഫോൺ നമ്പർ ഒരു പൊതുസ്ഥലത്ത് എഴുതിവെക്കുന്നതിന് തുല്യമാവും എന്ന് സാരം.
ഫോൺ നമ്പർ ഇത്തരത്തിൽ പരസ്യമാക്കുന്നതിലുടെ ഉള്ള അപകടങ്ങളുടെ യാതൊരു ഉത്തരവാദിത്വവും ടെലഗ്രാം ഏറ്റെടുക്കില്ല. ഇക്കാര്യം കമ്പനി പോളിസി വ്യവസ്ഥകളിൽ വ്യക്തമാക്കുന്നുമുണ്ട്.