കാനഡയിലെ സൈബര്‍ ആക്രമണത്തിന് പിന്നില്‍ വിന്നിപെഗ് സ്വദേശിയായ മുന്‍ ചൈനീസ് മിലിറ്ററി ബ്രാഞ്ച് അംഗമെന്ന് ആരോപണം 

By: 600002 On: Mar 26, 2024, 11:46 AM

 

 


കാനഡയിലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ മുന്‍ അംഗം ലെഫ്റ്റനന്റ് കേണല്‍ ഹുവാജി സൂ ആണെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. വിന്നിപെഗിലാണ് സൂ ഇപ്പോള്‍ താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. 20 വര്‍ഷം സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചയാളാണ് സൂ. 2021 ല്‍ കാനഡയില്‍ എത്തുന്നതിന് മുമ്പ്, കനേഡിയന്‍ പൗരന്മാരെ ഹാക്ക് ചെയ്യുകയും അവരുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന ചൈനീസ് സൈബര്‍ വാര്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മിലിറ്ററി അക്കാദമിയില്‍ ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ കമ്പനികള്‍, ആക്ടിവിസ്റ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ചൈനീസ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത സൈബര്‍ ആക്രമണം. 

മൂന്ന് വര്‍ഷം മുമ്പ് സൂ കാനഡയില്‍ സ്ഥിരതാമസം നേടുകയും വിന്നിപെഗില്‍ പുതുതായി നിര്‍മിച്ച സബര്‍ബന്‍ വീട്ടിലേക്ക് മാറുകയും ചെയ്തു. വാന്‍കുവര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ചോദ്യം ചെയ്തിരുന്നു. അന്ന് ചൈനയില്‍ വായുമലിനീകരണം അധികമായതിനാല്‍ ആരോഗ്യകാരണങ്ങളാല്‍ താനും ഭാര്യയും ചൈന വിട്ടുവെന്നായിരുന്നു മറുപടി പറഞ്ഞത്. ചൈനയുടെ വാര്‍ഫെയറിലും മറ്റ് ചാരവൃത്തി പ്രോഗ്രാമിലും പങ്കാളിത്തമോ അതേക്കുറിച്ച് അറിവോ തനിക്കില്ലെന്ന് സൂ നിഷേധിച്ചു. താനൊരു പിഎല്‍എ ഇന്‍സ്ട്രക്ടര്‍ മാത്രമാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. 

എന്നാല്‍ അന്വേഷണത്തില്‍ അദ്ദേഹം പഠിപ്പിച്ച ഹെനാനിലെ സൈനിക സ്‌കൂള്‍ കാനഡയെയും അമേരിക്കയെയും ലക്ഷ്യമിടുന്ന പിഎല്‍എ ഹാക്കിംഗ് യൂണിറ്റുകളുടെ പരിശീലന കേന്ദ്രമാണെന്ന് കണ്ടെത്തി. 

കാനഡയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയയാള്‍ എത്ര സുരക്ഷിതനായാണ് കാനഡയില്‍ താമസിക്കുന്നതെന്നും കനേഡിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടാകുന്നുവെന്നും കാണിക്കുന്ന കേസാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയോട് ശത്രുത പുലര്‍ത്തുന്ന സര്‍ക്കാരുകളെ സേവിച്ച ആളുകളെ കാനഡ വേണ്ടവിധം പരിശോധിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാട്ടുന്നു. 

ചൈന, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളെയാണ് സൈബര്‍ ആക്രമണങ്ങളിലൂടെയും വിദേശ ഇടപെടലുകളിലൂടെയും കനേഡിയന്‍ പൗരന്മാരെ ലക്ഷ്യമിടുന്ന പ്രധാന എതിരാളികളായി കാനഡ പട്ടികപ്പെടുത്തിയിട്ടുള്ളത്.