'ഇറ്റ്‌സ് ഹാപ്പനിംഗ് ഹിയര്‍'; സര്‍ക്കാരിന്റെ പരസ്യ കാംപെയ്‌ന് ചെലവായത് എട്ട് മില്യണ്‍ ഡോളര്‍; രൂക്ഷ വിമര്‍ശനം  

By: 600002 On: Mar 26, 2024, 10:49 AM

 


ഒന്റാരിയോയില്‍ സര്‍ക്കാരിന്റെ പരസ്യ കാംപെയ്‌നെതിരെ വ്യാപക വിമര്‍ശനം. പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ പക്ഷപാതപരമായ സെല്‍ഫ് പ്രൊമോഷന്‍ പ്രചാരണമാണ് ഇതിലൂടെ നടക്കുന്നതെന്നും പ്രചാരണത്തിന്റെ ഭാഗമായി ഏകദേശം എട്ട് മില്യണ്‍ ഡോളര്‍ ചെലവായെന്നും കണ്ടെത്തിയിട്ടുണ്ട്. 'ഇറ്റ്‌സ് ഹാപ്പനിംഗ് ഹിയര്‍' എന്ന പേരിലാണ് കാംപെയ്ന്‍ നടത്തുന്നത്. സൂപ്പര്‍ ബൗള്‍, ഓസ്‌കാര്‍, എമ്മി അവാര്‍ഡുകള്‍, എന്‍എച്ച്എല്‍ ഓള്‍-സ്റ്റാര്‍ ഗെയിം തുടങ്ങിയ തെരഞ്ഞെടുത്ത ടെലിവിഷന്‍ ടൈംസ്ലോട്ടുകളിലാണ് പരസ്യം സംപ്രേഷണം ചെയ്തിരുന്നത്. എന്നാല്‍ ഈ പരസ്യങ്ങളുടെ നിരക്ക് എത്രയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ അപേക്ഷയിലൂടെ സിബിസി ന്യൂസ് ഇതിന്റെ നിരക്ക് എത്രയെന്നറിയാന്‍ ശ്രമിച്ചു. 

പരസ്യങ്ങള്‍ നിര്‍മിക്കുന്നതിനുള്ള മൊത്തം ചെലവ് 3,831,352 ഡോളറാണെന്ന് ഒടുവില്‍ ഫിനാന്‍സ് മിനിസ്ട്രിയില്‍ നിന്നും പ്രതികരണം ലഭിച്ചു. ടിവി, റേഡിയോ, ബില്‍ബോര്‍ഡ്, ഓണ്‍ലൈന്‍ ആഡ് പ്ലേയ്‌സ്‌മെന്റ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ ചെലവായത് 4,097,528 ഡോളറാണ്. ഈ നിരക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പൊതുജനങ്ങള്‍. പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപിക്കുന്ന പരസ്യങ്ങള്‍ക്കായി പൊതുജനങ്ങളുടെ നികുതിപണം ചെലവഴിച്ചതിന് ഫോര്‍ഡ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

പുതിയ റോഡുകളും ഹൈവേകളും നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നേട്ടങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ പരസ്യങ്ങളിലൂടെ ഫോര്‍ഡ്.