ഒന്റാരിയോയിലുടനീളമുള്ള സ്‌കൂളുകളില്‍ ടീച്ചിംഗ് സ്റ്റാഫ് ക്ഷാമം രൂക്ഷം: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Mar 26, 2024, 9:31 AM

 


ഒന്റാരിയോയിലുടനീളമുള്ള സ്‌കൂളുകളില്‍ അധ്യാപക ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ജീവനക്കാരുടെ ക്ഷാമം സ്‌കൂളുകളെ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പ്രവിശ്യയിലെ നാലിലൊന്ന് സ്‌കൂളുകളും നിലവില്‍ പ്രതിദിനം ടീച്ചിംഗ് സ്റ്റാഫിന്റെ കുറവ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് പീപ്പിള്‍ ഫോര്‍ എജ്യുക്കേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വെളിപ്പെടുത്തുന്നു. പീപ്പിള്‍ ഫോര്‍ എജ്യുക്കേഷന്‍ നടത്തിയ സര്‍വേയില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്റാരിയോയിലെ 24 ശതമാനം എലിമെന്ററി സ്‌കൂളുകളും 35 ശതമാനം സെക്കന്‍ഡറി സ്‌കൂളുകളും ഓരോ ദിവസവും സ്റ്റാഫ് ക്ഷാമം നേരിടുന്നതായി കണ്ടെത്തി. എജ്യുക്കേഷണല്‍ അസിസ്റ്റന്‍സ്(EAs)  ഉള്‍പ്പെടെയുള്ള എജ്യുക്കേഷണല്‍ സപ്പോര്‍ട്ട് സ്റ്റാഫുകളുടെ കുറവ് എലിമെന്ററി സ്‌കൂളുകളില്‍ 42 ശതമാനവും സെക്കന്‍ഡറി സ്‌കൂളുകളില്‍ 46 ശതമാനവുമാണ്. 

എലിമെന്ററി സ്‌കൂളുകളില്‍ 18 ശതമാനവും സെക്കന്‍ഡറി സ്‌കൂളുകളില്‍ 28 ശതമാനവും ഓഫീസ് ജീവനക്കാരുടെ കുറവ് ദിവസേനയോ ആഴ്ചയിലോ അനുഭവപ്പെടുന്നുണ്ട്. കൂടാതെ, 25 ശതമാനം എലിമെന്ററി സ്‌കൂളുകളിലും 38 ശതമാനം സെക്കന്‍ഡറി സ്‌കൂളുകളിലും വൈസ്പ്രിന്‍സിപ്പള്‍മാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ബന്ധിതരാകുന്നതായി പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് സര്‍വേയില്‍ പങ്കെടുത്ത പ്രിന്‍സിപ്പല്‍മാര്‍ മിക്കവരും യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ ജീവനക്കാരായി നിയമിക്കുന്നത് കൂടുതല്‍ സാധാരണമായിരിക്കുന്നുവെന്ന് പ്രതികരിച്ചു. ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്റ്റാഫ് ക്ഷാമം പരിഹരിക്കാന്‍ ഒന്റാരിയോ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.