ചിരിപ്പിച്ചത് അരനൂറ്റാണ്ട്, കാൻസറിനെ പൊരുതി തോൽപ്പിച്ചു, ഒടുവിൽ മടക്കം, ഇന്നച്ചന്റെ ഓർമയ്ക്ക് ഒരാണ്ട്

By: 600007 On: Mar 26, 2024, 3:55 AM

 

മലയാള സിനിമ നമുക്ക് സമ്മാനിച്ച ഒരുപാട് നടൻമാരുണ്ട്. അതിൽ ചിലർ അവതരിപ്പിച്ച കഥാപാത്രങ്ങൾ കാണുമ്പോൾ നമുക്ക് തോന്നും ഇവർക്ക് പകരം മറ്റാരെയും ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ കഴിയില്ലെന്ന്. ഇന്നസെന്റ് എന്ന നടനും മലയാളത്തിന് അങ്ങനെ ആയിരുന്നു. മാന്നാർ മത്തായിയും കിട്ടുണ്ണിയും കെ കെ ജോസഫും ഡോ. പശുപതിയും സ്വാമി നാഥനും തുടങ്ങി അദ്ദേഹം സ്ക്രീനിൽ മനോഹരമാക്കിയ ഓരോ കഥാപാത്രവും ഇന്നസെന്റ് എന്ന് കേൾക്കുമ്പോൾ തന്നെ നമുടെ മനസ്സിൽ ഒരു റീലായി കടന്ന് പോകും. ആ അനശ്വര കലാകാരൻ നമ്മെ വിട്ട് പിരിഞ്ഞിട്ട്, മലയാള സിനിമയ്ക്ക് തീരാ നോവ് സമ്മാനിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. 

ഇന്നസെന്റ് എന്ന പേര് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്നത് ഒട്ടേറെ തമാശകളും ഭാവങ്ങളും സംഭാഷണങ്ങളുമാണ്. അത്രയ്ക്ക് ആത്മബന്ധം ഇന്നച്ചനുമായി മലയാളികൾക്ക് ഉണ്ടായിരുന്നു. ഇന്നസെന്റിന്റ നോട്ടവും ഭാവവും സംഭാഷണ രീതിയുമെല്ലാം മലയാളികള്‍ക്ക് മന:പാഠമായിരുന്നു. പേരിലുള്ള നിഷ്‍കളങ്കത സിനിമയ്‍ക്ക് പുറത്തെ തന്റെ സംഭാഷണങ്ങളിലും ഫലിപ്പിക്കാൻ ഇന്നസെന്റ് ശ്രമിക്കാറുണ്ടായിരുന്നു. ആ അദ്ദേഹത്തോടൊപ്പം മലയാളികൾ ചിരിച്ചത് 50 വർഷങ്ങളാണ്.