പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട് ടെക്സ്റ്റ് മെസേജ്; ഡ്രൈവര്‍മാരെ ലക്ഷ്യമിട്ടുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി റെഡ്ഡീര്‍ ആര്‍സിഎംപി 

By: 600002 On: Mar 25, 2024, 6:32 PM


 

വ്യാജ സ്പീഡിംഗ് ടിക്കറ്റ് ടെക്സ്റ്റ് മെസേജായി അയച്ച് തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റെഡ് ഡീര്‍ ആര്‍സിഎംപി. അമിത വേഗതയില്‍ വാഹനമോടിച്ചതിന് പിഴ ചുമത്തിയിട്ടുണ്ടെന്നറിയിച്ച് ഇരകള്‍ക്ക് ടെക്സ്റ്റ് മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ സമീപകാലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പിഴത്തുക അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒരു വെബ്‌സൈറ്റിലേക്കാണ് ടെക്സ്റ്റ് ലിങ്ക് ചെയ്യുന്നത്. ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും പണം തട്ടുകയും ചെയ്യുന്നു. 

എന്നാല്‍ ഇത്തരത്തില്‍ സര്‍ക്കാരോ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയോ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കുകയോ സ്പീഡിംഗ് ടിക്കറ്റ് അടയ്ക്കാന്‍ ആവശ്യപ്പെടാറില്ലെന്നും ആര്‍സിഎംപിയും മറ്റ് പോലീസ് ഏജന്‍സികളും ജനങ്ങളെ ഓര്‍മിപ്പിച്ചു. പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ടെക്സ്റ്റ് മെസേജ് ലഭിക്കുകയാണെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ പേയ്‌മെന്റുകള്‍ നടത്തുകയോ ചെയ്യരുതെന്ന് ആര്‍സിഎംപി മുന്നറിയിപ്പ് നല്‍കുന്നു.