മോസ്‌കോ ഭീകരാക്രമണത്തെ അപലപിച്ച് സൗദി അറേബ്യ

By: 600007 On: Mar 25, 2024, 3:27 PM

 

 

റിയാദ്: മോസ്‌കോ ഭീകരാക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. വേദനാജനകമായ ഈ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടും റഷ്യൻ സർക്കാരിനോടും ജനങ്ങളോടും സൗദി ആത്മാർഥമായ അനുശോചനം ദുഃഖവും അറിയിക്കുന്നുവെന്ന് വിദേശകാര്യാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാത്തരം തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കേണ്ടതിെൻറ പ്രാധാന്യം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. റഷ്യയുടെയും അവിടുത്തെ ആളുകളുടെയും സുരക്ഷ ഭദ്രമായിരിക്കാനും പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കാനും രാജ്യം ആഗ്രഹിക്കുന്നു. 

റഷ്യൻ തലസ്ഥാനമായ മോസ്കോയുടെ പ്രാന്തപ്രദേശമായ ക്രോക്കസ് സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർ മരിക്കാനിടയായതിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന് അനുശോചന സന്ദേശമയച്ചു. നിരവധി പേർ മരിക്കാനും അനവധിയാളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഭീകരാക്രമണത്തെ കുറിച്ച് അറിഞ്ഞെന്നും നിന്ദ്യമായ ഈ ക്രിമിനൽ പ്രവൃത്തിയെ ഞങ്ങൾ ശക്തമായി അപലപിക്കുകയാണെന്നും സന്ദേശത്തിൽ പറഞ്ഞു.