ഓങ്കോളജിസ്റ്റുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാതെ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ 

By: 600002 On: Mar 25, 2024, 12:21 PM

 

 

പുതിയ ഹോസ്പിറ്റലും മികച്ച വേതനവും വാഗ്ദാനം ചെയ്തിട്ടും പ്രവിശ്യയുടെ വെസ്റ്റ്‌കോസ്റ്റില്‍ വിപുലീകരിച്ച കാന്‍സര്‍ കെയര്‍ പ്രോഗ്രാമിന് ആവശ്യമായ ഓങ്കോളജിസ്റ്റുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം കോര്‍ണര്‍ ബ്രൂക്കിലെ പുതിയ വെസ്റ്റേണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍  കാന്‍സര്‍ കെയര്‍ സെന്റര്‍ സ്റ്റാഫിനെ സഹായിക്കാന്‍ ആവശ്യമായ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനായി ഹെല്‍ത്ത് സര്‍വീസസ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ നിയമിച്ചിരിക്കുകയാണ്.  

ജൂലൈയില്‍ ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കാന്‍സര്‍ ട്രീറ്റ്‌മെന്റ് സര്‍വീസുകള്‍ മുന്നോട്ടുപോകുമെങ്കിലും ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ പുതിയ റേഡിയോ തെറാപ്പി മെഷീനുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുമെന്ന് പ്രവിശ്യയിലെ കാന്‍സര്‍ കെയര്‍ പ്രോഗ്രാമിന്റെ ക്ലിനിക്കല്‍ ചീഫ് ടെറി സ്റ്റക്ക്‌ലെസ് പറഞ്ഞു. 

ഹോസ്പിറ്റലില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകള്‍ക്ക് വര്‍ഷത്തില്‍ 500,000 ഡോളര്‍ വരെയാണ് വേതനം വാഗ്ദാനം ചെയ്യുന്നത്. ചില യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്ക് ഏകദേശം 270,000 ഡോളര്‍ എന്ന പതിവ് ശമ്പളം ഇരട്ടിയാക്കാന്‍ കഴിയുന്ന ബോണസ്സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 

ന്യൂഫൗണ്ട്‌ലാന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തും ലാബ്രഡോറിലുമുള്ള രോഗികള്‍ക്ക് റേഡിയേഷന്‍ ഓങ്കോളജി ചികിത്സയ്ക്ക് അടുത്ത ഓപ്ഷന്‍ ഈ കേന്ദ്രം നല്‍കുമായിരുന്നു. ഇപ്പോള്‍ സെന്റ് ജോണ്‍സില്‍ മാത്രമേ ചികിത്സ ലഭ്യമാകുന്നുള്ളൂ. കാന്‍സര്‍ രോഗികള്‍ക്ക് ട്രീറ്റ്‌മെന്റിനായി സെന്റ് ജോണ്‍സിലേക്ക് ഏകദേശം 700 കിലോമീറ്റര്‍ വണ്‍വേ ട്രിപ്പ് നടത്തേണ്ടി വരുമെന്ന് ആളുകള്‍ ആശങ്കപ്പെടുന്നു.