കനേഡിയന്‍ എല്‍എന്‍ജി വാങ്ങാന്‍ ഗ്രീസിന് താല്‍പ്പര്യമുണ്ടെന്ന് ഗ്രീക്ക് പ്രധാനമന്ത്രി 

By: 600002 On: Mar 25, 2024, 11:56 AM

 

 

കാനഡയുടെ ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ്(എല്‍എന്‍ജി) വാങ്ങാന്‍ ഗ്രീസ് താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോടാക്കിസ് പറഞ്ഞു. കാനഡയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഗ്രീക്ക് വിപണിക്ക് മാത്രമല്ല, കിഴക്കന്‍ യൂറോപ്പിനും ബാല്‍ക്കനും എല്‍എന്‍ജിയുടെ വലിയ എന്‍ട്രി പോയിന്റാണ് തങ്ങളെന്നും ഉക്രെയ്‌ന് പോലും തങ്ങള്‍ക്ക് എല്‍എന്‍ജി വിതരണം ചെയ്യാന്‍ കഴിയുമെന്ന് ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ മിറ്റ്‌സോടാക്കിസ് പറഞ്ഞു. 

അതിനാല്‍ തത്വത്തില്‍, മത്സരാധിഷ്ഠിത വിലകളില്‍ എല്‍എന്‍ജി നേടുന്നതില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. പ്രകൃതി വാതകത്തെ ഭാവിയില്‍ ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസ്സായി മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഗ്രീസ്. വൈദ്യുതി ഉല്‍പ്പാദനത്തില്‍ നാച്വറല്‍ ഗ്യാസ് വലിയൊരു പങ്കാണ് വഹിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നാച്വറല്‍ റിസോഴ്‌സ് കാനഡയുടെ കണക്കനുസരിച്ച് കാനഡയ്ക്ക് എട്ട് എല്‍എന്‍ജി പ്രോജക്ടുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ട്. അടുത്ത വര്‍ഷത്തോടെ ആദ്യ എക്‌സ്‌പോര്‍ട്ട് ഫെസിലിറ്റി പ്രവര്‍ത്തനമാരംഭിക്കും. ചില ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ആദ്യ കയറ്റുമതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.