പെര്‍മനന്റ് റെസിഡന്റ് പോളിസിയിലെ മാറ്റങ്ങള്‍ക്കെതിരെ ബീസിയില്‍ പ്രതിഷേധം ശക്തമാക്കി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ 

By: 600002 On: Mar 25, 2024, 11:11 AM

 


സ്ഥിരതാമസ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ബ്രിട്ടീഷ് കൊളംബിയയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും അഡ്വക്കേറ്റ് ഗ്രൂപ്പുകളും രംഗത്ത്. ഇതിന്റെ ഭാഗമായി ഡൗണ്‍ടൗണ്‍ വാന്‍കുവറില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബീസി പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിലെ മാറ്റങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്ന് പെറ്റീഷനിലൂടെ ഇവര്‍ ആവശ്യപ്പെടുന്നു. സാധാരണയായി നിയുക്ത പ്രോഗ്രാമുകളില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് സ്ഥിരതാമസ പദവിക്കായി നേരിട്ട് അപേക്ഷിക്കാമെന്ന് പെറ്റീഷനില്‍ പറയുന്നു. 

സമീപകാലത്തായി പ്രോഗ്രാമില്‍ ചില മാറ്റങ്ങള്‍ വരുത്തി. മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഗ്രാജ്വേറ്റ്‌സ് ഇപ്പോള്‍ ഒഫിഷ്യല്‍ വണ്‍-ഇയര്‍ സ്‌കില്‍ഡ് ജോബ് ഓഫര്‍ ഉറപ്പാക്കുകയും യോഗ്യതയ്ക്കായി ചില ഭാഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണമെന്ന് പറയുന്നു. 

ഈ പെട്ടെന്നുള്ള നയം മാറ്റം നിലവിലുള്ളതും ഭാവിയില്‍ വരാന്‍ പോകുന്നതുമായ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ പാതയെ തടസ്സപ്പെടുത്തുമെന്ന് പെറ്റീഷനില്‍ ആരോപിക്കുന്നു. ബീസിയിലെ സുസ്ഥിര ഭാവിക്കായുള്ള അന്വേഷണത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സാമ്പത്തികമായും വൈകാരികമായും ദുര്‍ബലപ്പെടുത്തുമെന്നും പെറ്റീഷനില്‍ കുറ്റപ്പെടുത്തി. 2500 ഒപ്പുകളാണ് പെറ്റീഷനില്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ 2050 ഒപ്പുകളായി. 

അതേസമയം, നോമിനി പ്രോഗ്രാമില്‍ വരുത്തിയ മാറ്റങ്ങള്‍ അന്താരാഷ്ട്ര തൊഴിലാളികള്‍ക്ക് വ്യക്തമായ പാതകള്‍ സൃഷ്ടിക്കുകയും കൊള്ളയടിക്കുന്ന റിക്രൂട്ടര്‍മാര്‍ക്കും മറ്റ് വ്യാജ ഏജന്റുമാര്‍ക്കും തിരിച്ചടിയുണ്ടാക്കുകയും ചെയ്യുമെന്ന് പ്രവിശ്യ സര്‍ക്കാര്‍ വിശദീകരിക്കുന്നു.