തൊഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരം: കാല്‍ഗറി യൂത്ത് ഹയറിംഗ് ഫെയര്‍ വ്യാഴാഴ്ച 

By: 600002 On: Mar 25, 2024, 6:58 AM

 


കാല്‍ഗറിയില്‍ 25 ാമത് യൂത്ത് ഹയറിംഗ് ഫെയര്‍ മാര്‍ച്ച് 28, വ്യാഴാഴ്ച നടക്കും. സ്റ്റാംപേഡ് പാര്‍ക്കിലെ ബിഗ് ഫോര്‍ ബില്‍ഡിംഗില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 6 മണി വരെയാണ് തൊഴില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലന്വേഷകര്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. 

ഓരോ വര്‍ഷവും 15 വയസ്സിനും 24 വയസ്സിനും ഇടയില്‍ പ്രായമുള്ള 5,000 ത്തോളം യുവാക്കളാണ് തൊഴില്‍മേളയില്‍ പങ്കെടുക്കാനെത്താറുള്ളത്. ഈ വര്‍ഷവും നിരവധി പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 80 ല്‍ അധികം തൊഴില്‍ ഉടമകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് യുവാക്കള്‍ക്കായി മേളയില്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കാല്‍ഗറി സിറ്റി കമ്മ്യൂണിറ്റി പ്രോഗ്രാം ആന്‍ഡ് സര്‍വീസ് കോഓര്‍ഡിനേറ്റര്‍ താര ഹക്സ്ലി പറയുന്നു. ഫുഡ് ആന്‍ഡ് ബീവറേജസ്, ഹോസ്പിറ്റാലിറ്റി, എന്‍ട്രി ലെവല്‍ കണ്‍സ്ട്രക്ഷന്‍, ട്രേഡ്‌സ്, സോഷ്യല്‍ സര്‍വീസസ്, പബ്ലിക് ഹെല്‍ത്ത് സെക്ടര്‍, റീട്ടെയ്ല്‍ തുടങ്ങിയ മേഖലകളില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളുണ്ടാകും. 

യൂത്ത് ഹയറിംഗ് ഫെയറില്‍ പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ ബയോഡാറ്റ കൊണ്ടുവരണം.