മൊബൈൽ ഫോൺ ചാർജറിൽ നിന്ന് തീപടർന്ന് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

By: 600007 On: Mar 25, 2024, 4:40 AM

 

മീററ്റ്: ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ ചാർജറിൽ നിന്ന് തീപടർന്ന് നാല് കുട്ടികൾക്ക് ദാരുണാന്ത്യം.  മൊബൈൽ ഫോൺ ചാർജറിൽ‌ നിന്നുള്ള  ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തമാണ് നാല് കുട്ടികളുടെ ജീവനെടുത്തത്. വീട്ടിൽ കുത്തിയിട്ടിരുന്ന ചാർജറിൽ നിന്നും തീ പടർന്നാണ് നാല് കുട്ടികൾ വെന്തുമരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചത്. സരിക (12), നിഹാരിക (8), ഗോലു (6), ഖാലു (5) എന്നിവരാണ് മരിച്ച കുട്ടികൾ. ശനിയാഴ്ച രാത്രിയിലാണ് ഉത്തർപ്രദേശിനെ നടുക്കിയ അപകടമുണ്ടായത്.  അപകടം നടക്കുന്ന സമയത്ത് കുട്ടികൾ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. കുത്തിയിട്ട  ചാർജറിൽ ചെറിയ ഷോർട്ട് സർക്യൂട്ട് ഉണ്ടായി, പിന്നാലെ ചാർജറിന് തീപിടിച്ചു. കുട്ടികൾ കിടന്നിരുന്ന കിടക്കയിലേക്ക് തീ  പടർന്ന് പിടിച്ചതാണ് നാല് ജീവൻ പൊലിഞ്ഞ അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം പൊലീസ് പറയുന്നത്.