മോസ്‌കോ ആക്രമണം,ഭീകരര്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനിലെന്ന് ആരോപണം

By: 600007 On: Mar 25, 2024, 4:09 AM

 

 

മോസ്കോ: റഷ്യയിലെ മോസ്കോയില്‍ ക്രോക്കസ് സിറ്റി ഹാളില്‍ 137 പേരുടെ ജീവനെടുത്ത ഐസിസ് ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ വിമർശനവുമായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഖൊറാസാൻ ഏറ്റെടുത്തിരുന്നു.
ഐസിസിന്റെ അഫ്ഗാൻ ശാഖയാണ് ഖൊറാസാൻ. എന്നാല്‍ ഖൊറാസാൻ ശാഖയുടെ പരിശീലന ഹബ്ബുകള്‍ ഇപ്പോള്‍ പാകിസ്ഥാനിലാണെന്ന് താലിബാൻ നിയന്ത്രണത്തിലുള്ള ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്‌ച അഫ്ഗാനിലെ കാണ്ഡഹാറിലുണ്ടായ ചാവേർ സ്ഫോടനത്തിന് പിന്നില്‍ പ്രവർത്തിച്ച ഐസിസ് ഖൊറാസാൻ ഭീകരന് പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ പരിശീലനം ലഭിച്ചെന്നാണ് വിവരം. ബലൂചിസ്ഥാൻ നിലവില്‍ ഐസിസ് ഖൊറാസാന്റെ സുപ്രധാന ശക്തി കേന്ദ്രമായി പ്രവർത്തിക്കുന്നെന്നാണ് താലിബാന്റെ ആരോപണം. ഇവർക്ക് ഇവിടെ നിരവധി ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ബോംബ് നിർമ്മാണ യൂണിറ്റുകളും ഉണ്ടെന്നാണ് സൂചന