തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ വാക്കുകൾ കേരളം തള്ളികളഞ്ഞിട്ടും അവരുടെ കറുപ്പ് പരാമർശത്തിന് എതിരെ എല്ലാ ഇടങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉണ്ടായിട്ടും അധികം ദിവസം ആയിട്ടില്ല. ഈ ചർച്ചകൾക്കിടയിൽ ഉറപ്പായും നമ്മൾ പരിചയപ്പെടേണ്ട ഒരാളാണ് തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ത്രേസ്യ സ്റ്റെല്ല. സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയ ഈ 25 കാരിയെ നിങ്ങൾക്ക് പലർക്കും അറിയാമായിരിക്കും. സത്യഭാമയെ പോലെയുള്ളവരുടെ വാക്കുകൾ ആരെയും പിന്നോട്ടടിക്കാതിരിക്കട്ടെയെന്നാണ് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി ത്രേസ്യയ്ക്ക് പറയാനുള്ളത്.
ത്രേസ്യ സ്റ്റെല്ല പറഞ്ഞപോലെ അവർ ഒരു ദിവസം പെട്ടെന്ന് ഉയരത്തിലേക്ക് എത്തുകയായിരുന്നില്ല. ഇപ്പോഴും നമ്മുടെ സമൂഹത്തിലുള്ള നിറത്തിന്റെ പേരിലുള്ള കളിയാക്കലിനെയും മാറ്റിനിർത്തലിനെയും ഒക്കെ സ്വന്തം കഴിവും ആത്മവിശ്വാസവും കൊണ്ട് നേരിട്ടാണ് ആ പെൺകുട്ടി അവിടെ വരെ എത്തിയത്. സത്യഭാമയെ പോലുള്ളവർക്ക് ഒരു നല്ല മറുപടിയാണ് ത്രേസ്യ സ്റ്റെല്ല.
ലോകസൗന്ദര്യമത്സരങ്ങളിൽ കിരീടം ചൂടിയ കറുത്ത സുന്ദരിമാരുടെ നിര അവിടെ നിൽക്കട്ടെ. തൊട്ടടുത്തുണ്ട് ഒരു സുന്ദരി. ത്രേസ്യ സെറ്റല്ല ലൂയിസ്. ബയോമെഡിക്കൽ എഞ്ചിനീയറായ ഈ 25കാരിയാണ് ഈ വർഷത്തെ ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യയിൽ ഫസ്റ്റ് റണ്ണർ അപ്പ്. തീരദേശ ഗ്രാമമായ പുല്ലുവിളയിൽ നിന്ന് ഇന്റർനാഷണൽ റാമ്പിലേക്കെത്തിയ കഥ ത്രേസ്യ പറയും. കറുത്ത നിറത്തിന്റെ പേരിൽ തഴയപ്പെട്ട അനുഭവം പലതുണ്ട് ത്രേസ്യയ്ക്ക്. ആകെ കൈമുതലായുണ്ടായിരുന്നത് ലക്ഷ്യബോധവും കഠിനാധ്വാനവും മാത്രം.