15 -കാരൻ ഓൺലൈൻ ​ഗെയിം കളിച്ച് തുലച്ചത് അച്ഛന്റെ അക്കൗണ്ടിലുണ്ടായിരുന്ന 24 ലക്ഷം രൂപ

By: 600007 On: Mar 24, 2024, 12:07 PM

 

ചൈനയിൽ നിന്നുള്ള ഒരു 15 -കാരൻ ഓൺലൈൻ ​ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത് തന്റെ അച്ഛൻ പണം മുഴുവനുമാണ്. അവിടെയും തീർന്നില്ല, അവന്റെ സഹോദരിക്ക് അവരുടെ വരന്റെ വീട്ടുകാർ നൽകിയ പണവും അവൻ ​ഗെയിം കളിച്ച് തുലച്ചു. 

മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ചെങ് എന്നയാൾക്കാണ് ഓൺലൈൻ ​ഗെയിമിലുള്ള മകന്റെ അഡിക്ഷൻ കാരണം ഉള്ള പണമെല്ലാം നഷ്ടപ്പെട്ടത്. ഇയാളുടെ ശമ്പളത്തിൽ നിന്നുള്ള ഏകദേശം നാല് ലക്ഷം രൂപയും, മകൾക്ക് അവളുടെ ഭർത്താവിന്റെ വീട്ടുകാർ നൽകിയ 20 ലക്ഷം രൂപയുമാണ് മകൻ ​ഗെയിം കളിച്ച് കളഞ്ഞത്. ചൈനയിൽ സാധാരണയായി വിവാഹങ്ങൾ നടക്കുമ്പോൾ വധുവിന് വരന്റെ വീട്ടുകാർ പണവും മറ്റും നൽകാറുണ്ട്. അങ്ങനെ നൽകിയ തുകയായിരുന്നു ഈ 20 ലക്ഷം രൂപ. 

Kuaishou എന്ന ഷോർട്ട് വീഡിയോ ആപ്പിൽ ലോട്ടറി ​ഗെയിം കളിക്കുകയായിരുന്നു 15 -കാരൻ. എന്നാൽ, ഈ ​ഗെയിമിന് അടിമയായതോടെ കുട്ടി പണം പോകുന്നതൊന്നും ശ്രദ്ധിച്ചതേയില്ല. അങ്ങനെ അച്ഛന്റെ അക്കൗണ്ടിലുണ്ടായിരുന്ന തുക മുഴുവനും നഷ്ടപ്പെടുകയായിരുന്നത്രെ. പിന്നീട് മകനോട് ചോദിച്ചപ്പോൾ മൂന്നുമാസം കൊണ്ടാണ് ​ഗെയിം കളിച്ച് താൻ ഇത്രയും രൂപ കളഞ്ഞത് എന്ന് കുട്ടി സമ്മതിക്കുകയും ചെയ്തു. ആ തുക എങ്ങനെയും തിരികെ കിട്ടാൻ സാധ്യതയുണ്ടോ എന്ന് അന്വേഷിച്ച് നടക്കുകയാണ് ഇപ്പോൾ അച്ഛൻ.