56 വർഷം വയറ്റില്‍ ചുമന്നത് സ്റ്റോണ്‍ ബേബിയെ, സർജറിക്ക് പിന്നാലെ 81 -കാരിക്ക് ദാരുണാന്ത്യം

By: 600007 On: Mar 23, 2024, 10:31 AM

 

ഒരുപാട് മാറ്റങ്ങളിലൂടെയും വേദനകളിലൂടെയും സ്ത്രീശരീരങ്ങൾ കടന്നു പോകാറുണ്ട്. ഒമ്പത് മാസം വയറ്റിൽ ചുമന്ന ശേഷമാണ് ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ, നീണ്ട 56 വർഷം ഒരു ഭ്രൂണത്തെ വയറ്റിൽ ചുമക്കുകയായിരുന്നു ഈ ബ്രസീലുകാരിയായ സ്ത്രീ. എന്നാൽ, അവർ ഒരിക്കലും ഇത് അറിഞ്ഞിരുന്നില്ല. ഒടുവിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ ഇക്കാര്യം തിരിച്ചറിയുന്നത്. ദൗർഭാ​ഗ്യകരം എന്നു പറയട്ടെ, ഭ്രൂണം നീക്കം ചെയ്യാനുള്ള സർജറിക്ക് തൊട്ടുപിന്നാലെ ഇവർ മരിക്കുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ഡാനിയേല വെറ എന്ന 81 -കാരിയാണ് അഞ്ച് പതിറ്റാണ്ട് ജീവനില്ലാത്ത ഒരു ഭ്രൂണത്തെ വയറ്റിൽ ചുമന്നത്. എന്നാൽ, അവൾക്ക് അതിനെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ബ്രസീലിൽ നിന്ന് പരാഗ്വേ അതിർത്തി കടക്കുന്നതിനിടെയാണ് ഡാനിയേലയ്ക്ക് പെട്ടെന്ന് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടത്. പോണ്ട പോറ റീജിയണൽ ഹോസ്പിറ്റലിൽ വച്ചാണ് ഡാനിയേലയ്ക്ക് സർജറി നടന്നത്. എന്നാൽ, ഇതിന് തൊട്ടുപിന്നാലെ അവർ മരിക്കുകയായിരുന്നു.

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഡാനിയേലയെ സ്കാനിം​ഗിന് വിധേയമാക്കിയപ്പോഴാണ് വയറ്റിൽ ലിത്തോപീഡിയൻ എന്ന് വിളിക്കപ്പെടുന്ന ഭ്രൂണം ഡോക്ടർമാർ കണ്ടെത്തിയത്. വയറ്റിനുള്ളിൽ വെച്ചുതന്നെ ജീവൻ നഷ്ടപ്പെടുന്ന ഭ്രൂണം പിന്നീട് കാൽസ്യനിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന (സ്റ്റോൺ ബേബി) അവസ്ഥയാണ് ഇത്.