ഐപിഎല്ലിനിടെ പരസ്യമായി പുകവലിച്ച് കിംഗ് ഖാന്‍, വിമര്‍ശനവുമായി ആരാധകര്‍

By: 600007 On: Mar 24, 2024, 5:25 AM

 

 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കൊല്‍ക്കത്ത ടീം ഉടമ കൂടിയായ ഷാരൂഖ് ഖാന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും പരസ്യമായി പുകവലിച്ചത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായി. പോണി ടെയില്‍ ഹെയര്‍സ്റ്റൈലുമായി സ്റ്റേ‍ഡിയത്തിലെത്തിയ കിംഗ് ഖാന്‍ ആരാധകര്‍ക്ക് ഫ്ലെയിംഗ് കിസ് നല്‍കി അവരെ കൈയിലെടുത്തെങ്കിലും പിന്നാലെ സ്റ്റേഡിയത്തിലിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത് ആരാധകരുടെ വിമര്‍ശനത്തിനും കാരണമായി.

 

ഐപിഎല്‍ മത്സരത്തിനിടെ ഷാരൂഖ് ഖാന്‍ പുകവലിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ഷെയിം ഓണ്‍ യു എസആര്‍കെ ഹാഷ് ടാഗുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുമ്പും ഷാരൂഖ് സ്റ്റേ‍ഡിയത്തില്‍ പരസ്യമായി പുകവലിച്ചിട്ടുണ്ട്. അന്ന് ഷാരൂഖിനെ കര്‍ശനമായി താക്കീത് ചെയ്തിരുന്നു.