മെഡിസിന്‍ ഹാറ്റ് മേയറുടെ അധികാരം നീക്കി; ശമ്പളം വെട്ടിക്കുറച്ചു 

By: 600002 On: Mar 23, 2024, 2:13 PM

 


സതേണ്‍ ആല്‍ബെര്‍ട്ടയിലെ മെഡിസിന്‍ ഹാറ്റില്‍ മേയറുടെ അധികാരം നീക്കി. വ്യാഴാഴ്ച നടന്ന സിറ്റി കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ലിന്‍സി ക്ലാര്‍ക്കും ഒരു സിറ്റി കൗണ്‍സിലറും പങ്കെടുത്തില്ല. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കിടയില്‍ ക്ലാര്‍ക്കിന്റെ അധികാരങ്ങളും ശമ്പളവും വെട്ടിക്കുറയ്ക്കാനുള്ള വോട്ടെടുപ്പ് ഏകകണ്ഠമായിരുന്നു. 

2023 ഓഗസ്റ്റ് 21 ന് നടന്ന ഓപ്പണ്‍ കൗണ്‍സില്‍ മീറ്റിംഗില്‍ സിറ്റി മാനേജരോട് അപമര്യാദയായി പെരുമാറുകയും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ച് പ്രമേയം പാസാക്കിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ്. 

വ്യാഴാഴ്ചത്തെ യോഗത്തില്‍ ശാസന കത്ത്(letter of reprimand)  വായിച്ചു. കത്തില്‍ ക്ഷമാപണം നടത്താന്‍ അഭ്യര്‍ത്ഥിച്ചു. ക്ലാര്‍ക്കിന്റെ ശമ്പളം 50 ശതമാനം കുറയ്ക്കും. ഇത് ഉടനടി പ്രാബല്യത്തില്‍ വരും. കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. 

അതേസമയം, കൗണ്‍സിലിന്റെ തീരുമാനത്തോട് അടിസ്ഥാനപരമായി വിയോജിക്കുന്നതായി ക്ലാര്‍ക്ക് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. കൗണ്‍സിലന്റെ അനുമതി ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞു. നിയമപരമായി അവലോകനം ചെയ്യുകയാണെന്നും ശേഷം കൂടുതല്‍ പ്രതികരണം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.