അടുത്ത പരിചയക്കാരെന്ന് നടിച്ച് ഫോണിലൂടെ സന്ദേശം അയച്ച് പണം തട്ടുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി വാന്‍കുവര്‍ ആര്‍സിഎംപി 

By: 600002 On: Mar 23, 2024, 1:49 PM

 


ഫോണില്‍ വിളിച്ച് അടുത്ത പരിചയമുള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി വാന്‍കുവര്‍ ആര്‍സിഎംപി. അടുത്ത പരിചയക്കാരാണെന്ന് പറഞ്ഞ് ഫോണിലൂടെ തന്റെ ഫോണ്‍ കേടുപറ്റിയെന്നും കേടുപാടുകള്‍ ശരിയാക്കാന്‍ പണം അയക്കണമെന്നും സന്ദേശം നല്‍കുന്നു. ഇത് സത്യമാണെന്ന് തെറ്റിദ്ധരിച്ച് തട്ടിപ്പുകാര്‍ നല്‍കുന്ന നമ്പറിലേക്ക് പണം അയച്ചു നല്‍കുകയും ചെയ്യുന്നു. പിന്നീടാണ് തങ്ങള്‍ തട്ടിപ്പിനിരകളായെന്ന് ആളുകള്‍ തിരിച്ചറിയുന്നത്. 

ഈ വര്‍ഷം ജനുവരി മുതല്‍ മൂന്ന് റിപ്പോര്‍ട്ടുകളാണ് ലഭിച്ചതെന്ന് പോലീസ് പറയുന്നു. മൊത്തം 9,000 ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയതെന്നാണ് പോലീസ് പറയുന്നത്. 

ഇത്തരത്തില്‍ പ്രിയപ്പെട്ടൊരാളെന്ന് പറഞ്ഞ് സന്ദേശം ലഭിക്കുന്നവര്‍ തങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ഫോണ്‍ നമ്പറില്‍ ഉടന്‍ ബന്ധപ്പെട്ട് സത്യാവസ്ഥ മനസ്സിലാക്കണമെന്നും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.