ആല്‍ബെര്‍ട്ടയില്‍ തട്ടിപ്പിനിരകളായവരില്‍ നിന്നും 156 മില്യണ്‍ ഡോളറിലധികം നഷ്ടമായി: റിപ്പോര്‍ട്ട് 

By: 600002 On: Mar 23, 2024, 12:30 PM

 

 

ഈ ദശാബ്ദത്തില്‍ തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കും ഇരകളായ ആല്‍ബെര്‍ട്ടയിലെ ആളുകളില്‍ നിന്നും 156 മില്യണ്‍ ഡോളറിലധികം പണം നഷ്ടമായതായി കനേഡിയന്‍ ആന്റി ഫ്രോഡ് സെന്റര്‍. എന്നാല്‍ തട്ടിപ്പിനിരകളായവര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വിമുഖത കാണിക്കുന്നതിനാല്‍ ഇരകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. 2023 ല്‍ ഏകദേശം 2,900 പേര്‍ തട്ടിപ്പിനിരകളായി. ഇവരില്‍ നിന്നും 62.5 മില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 2020 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ നിന്നും അഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കൂടുതലും നിക്ഷേപ തട്ടിപ്പുകളാണ്. പ്രത്യേകിച്ച് ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുകള്‍. വ്യാജ പേരുകളും ബിസിനസുകളും ഉപയോഗിച്ച് ഇരകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതും വര്‍ധിച്ചു. ഇത്തരത്തില്‍ 72 ആളുകളില്‍ നിന്നും 8.5 മില്യണ്‍ ഡോളറാണ് കൈക്കലാക്കിയത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികപരമായ പുരോഗതിയും സംവിധാനങ്ങളും തട്ടിപ്പുകള്‍ വര്‍ധിക്കാനിടയായെന്നും തട്ടിപ്പുകാര്‍ക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആളുകളെ വളരെ വേഗത്തില്‍ തട്ടിപ്പിനിരകളാക്കാന്‍ സാധിക്കുന്നുവെന്നും കനേഡിയന്‍ ആന്റി ഫ്രോഡ് സെന്റര്‍ പറയുന്നു. 

തട്ടിപ്പിനിരകളാകാതിരിക്കാന്‍ ആളുകള്‍ ഡിജിറ്റല്‍, ഫിനാന്‍ഷ്യല്‍ സാക്ഷരത മെച്ചപ്പെട ുത്തണമെന്ന് നിരീക്ഷകര്‍ നിര്‍ദ്ദേശിക്കുന്നു. ഇത് പുതിയ പല തട്ടിപ്പുകളും വഞ്ചനകളും കണ്ടെത്താനും തിരിച്ചറിയാനും അവരെ സഹായിക്കും. വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ പരിചയമില്ലാത്തവര്‍ക്ക് കൈമാറരുതെന്നും ആധികാരികമായി മനസ്സിലാക്കി വേണം കൈകാര്യം ചെയ്യാനെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.