കാനഡയില്‍ സാല്‍മൊണല്ല അണുബാധയ്ക്ക് കാരണം ഗെക്കോകള്‍: പബ്ലിക് ഹെല്‍ത്ത് ഏജന്‍സി 

By: 600002 On: Mar 23, 2024, 11:13 AM

 


കാനഡയില്‍ ഏഴോളം പ്രവിശ്യകളില്‍ വ്യാപിക്കുന്ന സാല്‍മൊണല്ല അണുബാധ പൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ ഗെക്കോകളെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി. ഒരിനം പല്ലികളാണ് ഗെക്കോകള്‍.  അന്റാര്‍ട്ടിക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്ന മാംസഭോജികളായ പല്ലികള്‍. ഇതുവരെയുള്ള അന്വേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഗെക്കോകളാണ് അണുബാധ പൊട്ടിപ്പുറപ്പെടാനുണ്ടായ ഉറവിടമെന്ന് തിരിച്ചറിഞ്ഞതായി ഏജന്‍സി പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. രോഗബാധിതരായ പല വ്യക്തികളും അസുഖം ബാധിക്കുന്നതിന് മുമ്പ് ഗെക്കോകളുമായോ അല്ലെങ്കില്‍ ഇവയെ സൂക്ഷിച്ചിരിക്കുന്ന ചുറ്റുപാടുകളുമായോ നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പിഎച്ച്എസിയുടെ കണക്കനുസരിച്ച് ബീസി, ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ, ഒന്റാരിയോ, ക്യുബെക്ക്, ന്യൂബ്രണ്‍സ്‌വിക്ക് എന്നിവടങ്ങളില്‍ ഗെക്കോകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് രോഗം ബാധിച്ചു. മാര്‍ച്ച് 22 വരെ, ഗെക്കോകളുമായി സമ്പര്‍ക്കം പുലര്‍ത്തി രോഗം ബാധിച്ച 35 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് കേസുകള്‍ അഞ്ച് വയസും അതില്‍ താഴെയുമുള്ള കുട്ടികളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്റാരിയോയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, 18 എണ്ണം. 

ഇത്തരം വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയുന്നതില്‍ റെപ്‌റ്റൈല്‍ ഓണര്‍മാരും ബിസിനസ് ഓപ്പറേറ്റര്‍മാരും പ്രധാനമായും പങ്കാളികളാകണമെന്ന് ഏജന്‍സി പ്രസ്താവനയില്‍ നിര്‍ദ്ദേശിക്കുന്നു.