200 ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ ബൈജൂസ്

By: 600007 On: Mar 22, 2024, 12:40 PM

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എജ്യൂടെക് കമ്പനിയായ ബൈജൂസ്, 200 ഓളം ഓഫ്‌ലൈൻ ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ ചെലവ് ചുരുക്കൽ നീക്കത്തിൻ്റെ ഭാഗമായാണ് നീക്കം. രാജ്യത്തുടനീളമുള്ള 300 സെൻ്ററുകളിൽ പകുതിയിൽ അധികം അടച്ചുപൂട്ടും. അടുത്ത മാസം മുതൽ ട്യൂഷൻ സെൻ്ററുകൾ അടയ്ക്കാനാണ് ബൈജൂസ് പദ്ധതിയിടുന്നത്. 

കഴിഞ്ഞയാഴ്ച, ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം  നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു  പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ പൂട്ടിയത്. ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്ന് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ എല്ലാ ജീവനക്കാരോടും നിർദേശം നൽകി. ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹൻ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഈ തീരുമാനമെടുത്തത്