താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കാനഡ

By: 600002 On: Mar 22, 2024, 1:45 PM

 

 

കാനഡയില്‍ ആദ്യമായി ഫാള്‍ സീസണില്‍ പുതിയ താല്‍ക്കാലിക താമസക്കാരുടെ എണ്ണത്തില്‍ 'സോഫ്റ്റ് ക്യാപ്' ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പ്രഖ്യാപിച്ചു. ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ താല്‍ക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ഫെഡറല്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സെപ്റ്റംബറിലാണ് ആദ്യ ലക്ഷ്യം നടപ്പിലാക്കുന്നത്. 

കാനഡയില്‍ ഓരോ വര്‍ഷവും എത്തുന്ന താല്‍ക്കാലിക താമസക്കാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. രാജ്യം താല്‍ക്കാലിക തൊഴിലാളികളെ കൂടുതലായി ആകര്‍ഷിക്കുന്നുവെന്ന് നേരത്തെ മില്ലര്‍ പറഞ്ഞിരുന്നു. സിസ്റ്റം കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമാക്കാന്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും മില്ലര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

ജനസംഖ്യാ വര്‍ധനവിന് പരിഹാരമെന്ന നിലയിലും പാര്‍പ്പിട പ്രതിസന്ധി എന്ന വെല്ലുവിളി നേരിടാനും മില്ലര്‍ ഈ വര്‍ഷം ആദ്യം തന്നെ പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസകളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചിരുന്നു.