സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിയമവിരുദ്ധമായ കുത്തകാവകാശം നേടുന്നു; ആപ്പിളിനെതിരെ പരാതി നല്‍കി അമേരിക്ക 

By: 600002 On: Mar 22, 2024, 12:15 PM

 

 

ടെക് ഭീമന്‍ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് അമേരിക്ക. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിള്‍ നിയമവിരുദ്ധമായി കുത്തകാവകാശം നേടുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്. തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും എതിരാളികളുടെ ഉല്‍പ്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് കുറയ്ക്കാന്‍ നിയമവിരുദ്ധമായി നടപടികള്‍ കൈക്കൊള്ളുന്നതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് ആരോപിക്കുന്നു. 

ന്യൂജേഴ്‌സിയിലെ ഫെഡറല്‍ കോടതിയിലും 16 സംസ്ഥാനങ്ങളിലെ അറ്റോര്‍ണികള്‍ക്കും ആപ്പിളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരിക്കും ഇത്. കഴിഞ്ഞ കുറേ വര്‍ഷക്കാലമായുള്ള ആപ്പിളിന്റെ പ്രവര്‍ത്തന രീതിയെ ആകമാനം ചോദ്യം ചെയ്തുകൊണ്ടാണ് പരാതി. 

ഉപഭോക്താക്കളെയും ഡെവലപ്പര്‍മാരെയും ചങ്ങലയ്ക്കിടുന്ന തരത്തിലാണ് ഐഫോണ്‍ ആപ്പ്‌സ്റ്റോറിലെ നിയന്ത്രണങ്ങള്‍ എന്നും പരാതിയില്‍ ആരോപിച്ചു. വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപിക്കുന്നു.