ഇറാന്‍ മുന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയെ നാടുകടത്താന്‍ കാനഡയിലെ ഇമിഗ്രേഷന്‍ ട്രിബ്യൂണല്‍(ഐആര്‍ബി) ബുധനാഴ്ച ഉത്തരവിട്ടു. ടൊറന്റോയില്‍ താമസിക്കുന്ന സെയ്ദ് സല്‍മാന്‍ സമാനിയെയാണ് നാടുകടത്തുന്നത്. 2022 ലെ ഉപരോധത്തിന് കീഴില്‍ കാനഡയില്‍ നിന്ന് നീക്കം ചെയ്യുന്ന ഇറാനിയന്‍ ഭരണകൂടത്തിലെ രണ്ടാമത്തെ മുതിര്‍ന്ന അംഗമാണ് സെയ്ദ് സല്‍മാന്‍ സമാനി.
ഇറാന്‍ വൈസ് പ്രസിഡന്റിന്റെ സാങ്കേതിക ഉപദേഷ്ടാവ് മജിദ് ഇറാന്മനേഷിനെതിരെ ഫെബ്രുവരി 2 ന് പുറപ്പെടുവിച്ച നാടുകടത്തല്‍ ഉത്തരവിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡ് തീരുമാനം. ഇതിനിടെ കാനഡയില്‍ പിടിക്കപ്പെട്ട മൂന്നാമത്തെ ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥനെയും നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് ഒന്‍പത് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഡിപോര്‍ട്ടേഷന്‍ ഹിയറിംഗിനായി റെഫ്യൂജി ബോര്‍ഡിന് മുമ്പില്‍ ഉടന്‍ ഹാജരാക്കും. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.