കനേഡിയന്‍ പൗരന്മാരുടെ മാനസികാരോഗ്യം കുറയുന്നു; കാരണം സാമ്പത്തിക പ്രതിസന്ധിയോ? 

By: 600002 On: Mar 22, 2024, 11:01 AM

 

 

മുതിര്‍ന്ന കനേഡിയന്‍ പൗരന്മാരുടെ മാനസികാരോഗ്യം കുറയുന്നതായി കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട്. കോവിഡ് പാന്‍ഡെമിക്, സാമ്പത്തിക പ്രതിസന്ധികള്‍, സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണ് മാനസിക നിലയെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കാരണങ്ങള്‍. പത്ത് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ കോമണ്‍വെല്‍ത്ത് ഫണ്ട് നടത്തിയ അന്താരാഷ്ട്ര സര്‍വേയില്‍ 18 വയസ്സും അതില്‍ കൂടുതലുമുള്ള കനേഡിയന്‍ പൗരന്മാരില്‍ 29 ശതമാനം പേരും 2023 ല്‍ വിഷാദം, ഉത്കണ്ഠ, അല്ലെങ്കില്‍ മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി കണ്ടെത്തി. അതേസമയം, ഉയര്‍ന്ന ചെലവ് കാരണം പല കനേഡിയന്‍ പൗരന്മാരും മെന്റല്‍ ഹെല്‍ത്ത് കെയര്‍ തേടുന്നില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

മറ്റ് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് കാനഡയിലെ ആളുകള്‍ ഭവന, ഭക്ഷ്യ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ആശങ്കാകുലരാണ്. സര്‍വേയില്‍ പങ്കെടുത്ത 17 ശതമാനം ആളുകള്‍ തങ്ങളുടെ വാടക, അല്ലെങ്കില്‍ മോര്‍ഗേജ് അടയ്ക്കുന്നത് സംബന്ധിച്ച് ആശങ്കാകുലരാണെന്ന് പ്രതികരിച്ചു. മതിയായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് പത്ത് ശതമാനം പേരാണ് ആശങ്ക പ്രകടിപ്പിച്ചത്. ഉറങ്ങാന്‍ സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലത്തെക്കുറിച്ച് ആശങ്കയുള്ളവരാണ് 10 ശതമാനം കനേഡിയന്‍ പൗരന്മാരെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

മാനസിക സമ്മര്‍ദ്ദമുണ്ടായാല്‍ അതിന് പരിഹാരം കാണാനുള്ള മാനസികാരോഗ്യ പരിചരണ സംവിധാനങ്ങള്‍ മിക്കവരും പ്രയോജനപ്പെടുത്താറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കനേഡിയന്‍ പൗരന്മാരില്‍ 29 ശതമാനം പേരും കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നില്ലെന്നും ഇത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുമെന്നും കനേഡിയന്‍ മെന്റല്‍ ഹെല്‍ത്ത് അസോസിയേഷനിലെ കെന്നല്‍ പറയുന്നു.