കാനഡയില്‍ വംശീയ, വിദ്വേഷ കുറ്റകൃത്യങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. കോവിഡ് പാന്‍ഡെമികിന് ശേഷം 2022 ല്‍ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടായത്. 2022 ല്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 28 ശതമാനമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷം ലൈംഗിക കുറ്റകൃത്യങ്ങളും 12 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, കറുത്തവര്‍ഗക്കാര്‍ക്കെതിരെയും സ്വവര്‍ഗാനുരാഗികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളിലുണ്ടാകുന്ന വര്‍ധനവില്‍ തങ്ങള്‍ ആശ്ചര്യപ്പെടുന്നില്ലെന്നാണ് ബ്ലാക്ക്, എല്‍ജിബിടിക്യു+ കമ്മ്യൂണിറ്റികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഡ്വക്കേറ്റ് ഗ്രൂപ്പുകള്‍ പറയുന്നത്.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങള്‍ മാത്രമാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും ഉയര്‍ന്നതായിരിക്കാമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കാനഡയിലെ പ്രത്യേക കമ്മ്യൂണിറ്റികളെ ലക്ഷ്യമാക്കിയാണ് കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നതിലേക്കാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റിയെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വര്‍ധിച്ചു. 2019 മുതല്‍ 2022 വരെ 143 ശതമാനമാണ് ഉയര്‍ന്നത്. 2021 നും 2022 നും ഇടയില്‍ മാത്രം 18 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
2022 ല്‍ രേഖപ്പെടുത്തിയ ലൈംഗിക ആഭിമുഖ്യം ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളില്‍ 74 ശതമാനവും ഗേ, ലെസ്ബിയന്‍ കമ്മ്യൂണിറ്റിയെ ലക്ഷ്യമിട്ടുള്ളവയായിരുന്നു. 2024 ല്‍ LGBTQ2S+ കമ്മ്യൂണിറ്റിക്കെതിരെ ഗുരുതരമായ അക്രമ ഭീഷണികളുണ്ടാകുമെന്ന് കഴിഞ്ഞ മാസം കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.