സ്പ്രിംഗ് സീസണ്‍ ആദ്യ ആഴ്ചയില്‍ കാനഡയിലെ ചില പ്രവിശ്യകളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത: കാലാവസ്ഥാ പ്രവചനം 

By: 600002 On: Mar 22, 2024, 9:28 AM

 


വിന്റര്‍ സ്റ്റോമും മഞ്ഞുവീഴ്ചയും കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നതിനാല്‍ കാനഡയില്‍ ഇത്തവണ വസന്തകാലത്തെ ഊഷ്മളമായി വരവേല്‍ക്കാന്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് സാധിക്കാതെ വരുമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. രാജ്യത്തെ ചില പ്രവിശ്യകളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

വെള്ളിയാഴ്ച രാവിലെയോടെ ആല്‍ബെര്‍ട്ടയില്‍ 10 മുതല്‍ 30 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകന്‍ കെല്‍സി മക്ഈവന്‍ പറയുന്നത്. കൂടാതെ ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച വരെ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന ബീസിയുടെ എല്‍ക്ക് വാലിയില്‍ പ്രത്യേക കാലാവസ്ഥാ പ്രസ്താവന പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. 

കിഴക്കന്‍ പ്രദേശങ്ങള്‍, ഗ്രേറ്റ് ലേക്ക്‌സ് എന്നിവടങ്ങളില്‍ വ്യാഴാഴ്ച ഉച്ചവരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നായിരുന്നു പ്രവചനം. 15 മുതല്‍ 35 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയും പകല്‍ സമയത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. 
ഒന്റാരിയോയിലും സ്‌നോ വാണിംഗുകള്‍ തുടരുന്നുണ്ട്. കേപ് ബ്രെട്ടണ്‍, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നിവയുള്‍പ്പെടെ മാരിടൈംസില്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചയുടനീളം ചിലയിടങ്ങളില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.