ആല്‍ബെര്‍ട്ടയുടെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നു; ദേശീയ ശരാശരിയെ മറികടന്നേക്കുമെന്ന് എടിബി ഫിനാന്‍ഷ്യല്‍ 

By: 600002 On: Mar 21, 2024, 12:33 PM

 


ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്കും നേരിടുന്നുണ്ടെങ്കിലും ആല്‍ബെര്‍ട്ടയുടെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്നും കാനഡയില്‍ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥ ആല്‍ബെര്‍ട്ടയുടേതാണെന്നും ധനകാര്യ സ്ഥാപനമായ എടിബി ഫിനാന്‍ഷ്യലിന്റെ ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്. ജനസംഖ്യയിലെ കുതിച്ചുചാട്ടം, ഊര്‍ജ്ജ മേഖലയുടെ പ്രവര്‍ത്തനം, മറ്റ് വ്യവസായിക മേഖലകളുടെ വളര്‍ച്ച എന്നിവയാണ് സമ്പദ്‌വ്യവസ്ഥ ഉയരാന്‍ കാരണമായത്. ആല്‍ബെര്‍ട്ടയുടെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജിഡിപി 2.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2023 ല്‍ കണക്കാക്കിയത് 2.5 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നു. 2025 ല്‍ പ്രവിശ്യ 2.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഒരുങ്ങുകയാണ്. 

2024 ല്‍ ട്രാന്‍സ്മൗണ്ടെയ്ന്‍ എക്‌സ്പാന്‍ഷന്‍ ഓണ്‍ലൈന്‍ ആകുന്നതോടെ എണ്ണ കയറ്റുമതിയില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ശക്തി പ്രാപിക്കുന്ന ഭവന നിര്‍മാണം, ജനസംഖ്യ വര്‍ധിക്കുന്നതോടൊപ്പംൗ ഡിമാന്‍ഡും വര്‍ധിക്കുന്നതിനാല്‍ ഈ വര്‍ഷം കൂടുതല്‍ കുതിച്ചുയരും. കൂടാതെ, ഹൈഡ്രജന്‍, ബയോഫ്യുവല്‍, പെട്രോകെമിക്കല്‍സ്, എമിഷന്‍ കുറയ്ക്കല്‍, ടെക്‌നോളജി, ഏവിയേഷന്‍, ടൂറിസം തുടങ്ങി നിരവധി മേഖലകളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇതും പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്നു.