ഒന്റാരിയോയില്‍ 94 മില്യണ്‍ ഡോളറിന് വാങ്ങിയ രണ്ട് ഫെറികള്‍ രണ്ട് വര്‍ഷത്തിലേറെയായിട്ടും സര്‍വീസ് നടത്തുന്നില്ല

By: 600002 On: Mar 21, 2024, 12:03 PM

 

 

രണ്ട് വര്‍ഷം മുമ്പ് ഏകദേശം 94 മില്യണ്‍ ഡോളറിന് ഒന്റാരിയോ വാങ്ങിയ ഒരു ജോടി ഇലക്ട്രിക് ഫെറികള്‍ ഇതുവരെയായിട്ടും പൂര്‍ണമായി സര്‍വീസ് ആരംഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കിംഗ്സ്റ്റണിലാണ് ഫെറികള്‍ ഉള്ളത്. ആംഹെര്‍സ്റ്റ് ഐലന്‍ഡര്‍ II( A12),  വോള്‍ഫ് ഐലന്‍ഡര്‍ IV(W14),  എന്നീ ഫെറികളാണ് ഒന്റാരിയോ വാങ്ങിയത്. A12 ഇതുവരെ യാത്രക്കാരെ കയറ്റി സര്‍വീസ് ആരംഭിച്ചിട്ടില്ല, എന്നാല്‍ W14 ഇതുവരെ 2,614 യാത്രക്കാരെയാണ് സ്വാഗതം ചെയ്തത്. ഇത് സ്ഥിരമായി റൂട്ട് ഉപയോഗിക്കുന്ന മൊത്തം യാത്രക്കാരുടെ എണ്ണത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. 

ഏകദേശം 900,000, 300,000 യാത്രക്കാരെ വോള്‍ഫ് ഐലന്‍ഡിലേക്കും ആംഹെര്‍സ്റ്റ് ഐലന്‍ഡിലേക്കും കൊണ്ടുപോകുമെന്നാണ് 2018 ലെ ഒന്റാരിയോ സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നത്. 2020 ല്‍  A12  വും 2021 ല്‍ W14  നും സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഫെറികള്‍ ഉള്‍ക്കൊള്ളുന്നതിനായി ഡോക്കുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചത്. സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി W14  കുറച്ച് യാത്രക്കാരുമായി പരിശീലനം നടത്തിയിരുന്നു. 2023 ഓഗസ്റ്റ് 15 നും ഡിസംബര്‍ 30 നും ഇടയില്‍ W14 59 യാത്രകള്‍ പൂര്‍ത്തിയാക്കിയതായി ഗതാഗത മന്ത്രാലയത്തിന്റെ ഡാറ്റയില്‍ പറയുന്നു. എന്നാല്‍ പിന്നീട് സര്‍വീസ് നടത്താന്‍ സാധിച്ചില്ല. 

ഫെറികള്‍ പ്രവര്‍ത്തിക്കാത്ത് എന്താണെന്ന ചോദ്യത്തിന് മുനിസിപ്പാലിറ്റിയില്‍ നിന്നും വെല്ലുവിളികളും ആശങ്കകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് മിനിസ്ട്രിയുടെ മറുപടി. അതേസമയം, ഡോക്ക് നിര്‍മാണവും ഫെറികളുടെ പ്രവര്‍ത്തനവും വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നതായി ഒന്റാരിയോ എണ്‍വയോണ്‍മെന്റ് വക്താവ് പറയുന്നു.